തളിപ്പറമ്പ്:- നവകേരളത്തിനായി ജനകീയാസൂത്രണം പതിനാലാം പഞ്ചവൽസര പദ്ധതിയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മലയോര ഗ്രാമസഭ സംഘടിപ്പിച്ചു. പയ്യാവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. മലയോര പ്രദേശങ്ങളിലെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മേഖലയിലെ വികസന വിടവ് പരിഹരിക്കാനും കണ്ണൂർ ജില്ലാ പഞ്ചായത്തിനുള്ള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും പുതിയ പദ്ധതികൾ തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ കേൾക്കുന്നതിനുമാണ് മലയോര ഗ്രാമസഭ ചേർന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ വികസന സമീപനവും കാഴ്ചപ്പാടും അവതരിപ്പിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തടിസ്ഥാനത്തിൽ കാർഡ് പദ്ധതി നിർദേശങ്ങളുടെ അവതരണവും നടന്നു.
കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാതിരിക്കൽ, ഉൽപന്നങ്ങളുടെ വിപണനവും സംഭരണവും, കൃഷിഭൂമിയുടെ തുണ്ടുവത്കരണം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സ്വത്തിനും ജീവനുമുള്ള ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ തുടങ്ങി മലയോര മേഖല അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ ഗ്രാമസഭ ചർച്ച ചെയ്തു .
പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെയും ചെറുപുഴ, ചെങ്ങളായി ചപ്പാരപ്പടവ്, നടുവിൽ , ഉദയഗിരി, ആലക്കോട്, എരുവേശ്ശി, പയ്യാവൂർ പടിയൂർ, ഉളിക്കൽ, ആറളം, അയ്യൻകുന്ന് പായം, കണിച്ചാർ, കൊട്ടിയൂർ, മുഴക്കുന്ന്, കോളയാട്, പേരാവൂർ ഗ്രാമപഞ്ചായത്തിലെയും നാട്ടുകാരും ജനപ്രതിനിധികളും ഗ്രാമസഭയിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ജോഷി, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സാജു സേവ്യർ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, അഡ്വ ടി സരള, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് വക്കത്താനം, എൻ പി ശ്രീധരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഇ എൻ സതീഷ് ബാബു എന്നിവർ സംസാരിച്ചു.