കണ്ണൂർ:-ഒരു ലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനത്തിന്റെ ഭാഗമായി മുൻഗണനാ റേഷൻ കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവ്വഹിച്ചു. തെരഞ്ഞെടുത്ത 110 പേർക്കാണ് അന്ത്യോദയ അന്നയോജന (എ എ വൈ), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പി എച്ച് എച്ച്) മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നത്. ഇതോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജില്ലയിൽ ഒരു വർഷം കൊണ്ട് മുൻഗണനാ റേഷൻ കാർഡുകൾ നൽകിയത് 9000 കുടുംബങ്ങൾക്കാണ്. ഓരോ താലൂക്കിൽ നിന്നും 22 പേർ വീതമാണ് എത്തിയത്. അർഹരായ ബാക്കിയുള്ളവർക്ക് ഘട്ടം ഘട്ടമായി കാർഡ് നൽകും.
സംസ്ഥാനത്ത് മുൻഗണന കാർഡ് ഉപയോഗിക്കുന്ന ഒരു ലക്ഷത്തോളം അനർഹരെ കണ്ടെത്തിയിരുന്നു. ഈ ഒഴിവിലേക്ക് അർഹരായ ഒരു ലക്ഷം പേരെ കണ്ടെത്തി മുൻഗണനാ കാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ അഞ്ച് താലൂക്കുകളിലെ 9000 പേർക്ക് ഒരു വർഷംകൊണ്ട് കാർഡ് നൽകിയത്.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്ത് കുമാർ, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ ഐ കെ ഷാജൻ എന്നിവർ സംബന്ധിച്ചു.