പുതിയതെരുവിൽ കുടുംബശ്രീ വിപണന കേന്ദ്രം ആരംഭിച്ചു

 


പുതിയതെരു:-കുടുംബശ്രീ സംരംഭകരുടെ സ്ഥിരം വിപണന കേന്ദ്രം എന്ന ലക്ഷ്യവുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത് പുതിയതെരുവിൽ മാർക്കറ്റിംഗ് കിയോസ്‌ക് ആരംഭിച്ചു. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതിയതെരു മാർക്കറ്റിൽ ഒൻപതു വർഷമായി അടഞ്ഞുകിടക്കുന്ന പഞ്ചായത്തിന്റെ കെട്ടിടം അഞ്ച് ലക്ഷം രൂപ ചെലവിൽ നവീകരിച്ചാണ് വിപണന കേന്ദ്രം തുടങ്ങിയത്. ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി സാധ്യമാക്കുക, സംരംഭകർക്ക് സ്ഥിര വരുമാനം ഉറപ്പു വരുത്തുക, ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വിപണിയിലെ സാധ്യത മനസിലാക്കി കർഷകരെ സഹായിക്കുക എന്നിവയാണ് ലക്ഷ്യം. പഞ്ചായത്തിലെ മുപ്പത്തിയഞ്ചിലേറെ സംരംഭകർ തയ്യാറാക്കുന്ന കറിപൗഡറുകൾ, അരിപ്പൊടി, തുണിസഞ്ചി, തുണിത്തരങ്ങൾ, കേക്ക്, പലഹാരങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ വിൽപ്പന നടത്തുന്നത്. കോഫി ബാർ, ഫ്രീസറോട് കൂടിയ പച്ചക്കറി വിപണന യൂണിറ്റ് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ ആരംഭിക്കും.

ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷയായി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനിൽ കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എൻ ശശി, കെ വത്സല, ടി കെ മോളി, വാർഡ് അംഗങ്ങളായ റീന അനിൽ, ടി എം സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഷിബു കരുൺ, സിഡിഎസ് അധ്യക്ഷ കെ പി സാജിത, എം സുർജിത്, എം പി ശിഖ എന്നിവർ പങ്കെടുത്തു.

Previous Post Next Post