കണ്ണൂർ: - അഴീക്കൽ തുറമുഖ വികസനം സംബന്ധിച്ച് നിയമസഭയിലെ പ്രഖ്യാപനവും പാഴ് വാക്കായി. അഴീക്കലിനെ റീജനൽ തുറമുഖമായി മാറ്റുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 2ന് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. മാരിടൈം ബോർഡ് തീരുമാനമെടുത്തിട്ടും അഴീക്കലിനെ റീജനൽ തുറമുഖമായി ഉയർത്തുന്നത് നീളുന്നതു ചൂണ്ടിക്കാട്ടി കെ.വി.സുമേഷ് എം എൽഎ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി പറയവേയായിരുന്നു അന്നു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രഖ്യാപനം.
തലശ്ശേരി, കാസർകോട്, നീലേശ്വരം, മഞ്ചേശ്വരം തുറമുഖങ്ങളെ അഴീക്കൽ റീജനു കീഴിലാക്കി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മാരിടൈം ബോർഡ് പ്രാരംഭഘട്ടത്തിലേ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതു നടപ്പാക്കുന്നത് അനന്തമായി നീണ്ടതോടെയായിരുന്നു എംഎൽഎ നിയമ സഭയിൽ ചോദ്യമുന്നയിച്ചത്. വിഴിഞ്ഞം തുറമുഖവും റീജനായി ഉയർത്താൻ തീരുമാനിച്ചിരുന്നെങ്കിലും വിഴിഞ്ഞത്തെ പോർട്ട് ഓഫിസറെ കഴിഞ്ഞ മാസം കൊല്ലത്തേക്ക് മാറ്റിയതോടെ റിജനുകളായി ഉയർത്താൻ തീരുമാനിച്ച രണ്ടു തുറമുറഖങ്ങളുടെയും വികസനം വഴിമുട്ടിയ സ്ഥിതിയായി.
റീജനൽ തുറമുഖമായി മാറ്റുന്ന കാര്യത്തിൽ മാത്രമല്ല, ഡ്രജിങ്ങിന്റെ കാര്യത്തിലും സർക്കാർ തീരുമാനം അനന്തമായി വൈകുകയാണ്. അഴീക്കലിലെ കപ്പൽ ചാലിന്റെ ആഴം സർക്കാരിനു പണച്ചെലവില്ലാത്ത രീതിയിയിൽ റിവേഴ്സ് ഡ്രജിങ് നടത്തി മീറ്ററാക്കാൻ മാരിടൈം ബോർഡ് തീരുമാനിച്ചിട്ടും മാസങ്ങളായി. കഴിഞ്ഞ ദിവസം ഇക്കാര്യം നിയമസഭയിൽ കെ.വി. സുമേഷ് എംഎൽഎ വീണ്ടും ഉന്നയിച്ചെങ്കിലും എങ്ങും തൊടാത്ത മറുപടിയാണ് നൽകിയത്.
അഴീക്കലിലും ബേപ്പൂരിലും കൊല്ലത്തും കസ്റ്റംസിന്റെ ഇല ക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇഡിഐ) സൗകര്യം പൂർണ സജ്ജമാകാത്തതും രാജ്യാന്തര ചരക്കുകൾ കൈകാര്യം ചെയ്യാൻ തടസ്സമാണ്.
അഴീക്കലിൽ എത്തുന്ന കപ്പലുകൾക്ക് ശുദ്ധജലം നൽകുന്നതിനായുള്ള പദ്ധതിക്കായി ജല അതോറിറ്റിക്ക് അനുവദിച്ച തുക സർക്കാർ തന്നെ തിരിച്ചെടുത്തതോടെ ആ പദ്ധതിയും വെള്ളത്തിലായി ഗോഡൗൺ നിർമാണം, റെസ്റ്റ് ഹൗസ് നിർമാണം തുടങ്ങി തുറമുഖത്ത് പ്രഖ്യാപിച്ച പദ്ധതികളെ ല്ലാം വെറും പാഴ് വാഗ്ദാനങ്ങൾ മാത്രമായി ശേഷിക്കുകയാണ്.