മയ്യിൽ:-കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ പാവന്നൂർ വയലിൽ നശിച്ചത് അയ്യായിരത്തിലധികം നേന്ത്രവാഴകൾ. പാവന്നൂരിലെ കെ.പി അബ്ദുൾ അസീസ്, ഭാര്യ പി.പി നബീസ എന്നിവരുടെ നേന്ത്രവാഴ കൃഷിയാണ് നശിച്ചത്. മഴ തുടരുന്നതിനാൽ വെള്ളക്കെട്ട് നീങ്ങാനിടയില്ലെന്നും ഇനിയും ഒട്ടേറെ വാഴകൾ നശിക്കുമെന്നും അബ്ദുൾ അസീസ് പറഞ്ഞു.
കഴിഞ്ഞ വർഷം കാട് മൂടിയ കരപ്പറമ്പ് പാട്ടത്തിനെടുത്ത് വാഴക്കൃഷിയിറക്കി നൂറോളം വിദ്യാലയത്തിൽ വാഴക്കുലകളും കന്നുകളും സൗജന്യമായി നൽകിയ കർഷക ദമ്പതികളുടെ കൃഷിയാണ് വെള്ളക്കെട്ടിൽ നശിച്ചത്.
ഇക്കുറി പാവന്നൂർ വയൽ പാട്ടത്തിന് എടുത്താണിവർ കൃഷിയിറക്കിയിരുന്നത്. നശിച്ച കുലച്ചതും കുലക്കാറായതുമായ വാഴത്തോട്ടം കുറ്റ്യാട്ടൂർ കൃഷിഭവനിലെ കൃഷി ഓഫീസർ കെ.കെ ആദർശ്, അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി എന്നിവർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.