2500 സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് റെയ്ഡ്; ജില്ലയില്‍ പിടികൂടിയത് 8.97 ക്വിന്റല്‍, പിഴ 1.67 ലക്ഷം

 


കണ്ണൂർ:-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ വില്‍പ്പനയും ഉപയോഗവും തടയാന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് സംഘങ്ങളുടെ വ്യാപക പരിശോധന. ഒറ്റ ദിവസം ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെ 2500 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 8.97 ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങങ്ങള്‍ പിടിച്ചെടുത്തു. 1.61 ലക്ഷം രൂപ പിഴ ഈടാക്കി. 138 സ്ഥാപനങ്ങള്‍ക്ക് 99.05 ലക്ഷം രൂപ അടയ്ക്കാന്‍ നോട്ടീസും നല്‍കി.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, വി ഇ ഒ, ഹെല്‍ത്ത് ജീവനക്കാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ചെങ്ങളായി, എരഞ്ഞോളി, കണിച്ചാര്‍, കണ്ണപുരം, കൊട്ടിയൂര്‍, കുന്നോത്തുപറമ്പ്, മലപ്പട്ടം, ന്യൂമാഹി, പെരളശ്ശേരി, പെരിങ്ങോം-വയക്കര, രാമന്തളി, ഉദയഗിരി എന്നീ പഞ്ചായത്തുകളില്‍ ചട്ടലംഘനം കണ്ടെത്തിയില്ല. കൂടുതല്‍ പരിശോധന നടന്നത് ആലക്കോടാണ്. ഇവിടെ നാല് സംഘങ്ങളായി 125 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കല്യാശ്ശേരിയിലാണ് കൂടുതല്‍ പിഴ ഈടാക്കിയത്. 41 സ്ഥാപനങ്ങളില്‍ നിന്ന് 23000 രൂപ. കൂടുതല്‍ തുക അടക്കാനുള്ള നോട്ടീസ് നല്‍കിയത് മാങ്ങാട്ടിടം പഞ്ചായത്താണ്. 93 കിലോ പ്ലാസ്റ്റിക് കണ്ടെത്തിയ ഇവിടെ ഒന്‍പത് സ്ഥാപനങ്ങള്‍ ചേര്‍ന്ന് 90000 രൂപ അടക്കണം. ഏഴോം, മുഴക്കുന്ന് പഞ്ചായത്തുകളില്‍ 50,000 രൂപ വീതം നല്‍കാന്‍ നോട്ടീസ് നല്‍കി. കുഞ്ഞിമംഗലത്ത് രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 68.57 കിലോ പ്ലാസ്റ്റിക് പിടികൂടി. 20,000 രൂപ അടക്കാന്‍ നോട്ടീസും നല്‍കി. അതിനിടെ അയ്യന്‍കുന്ന്, പായം പഞ്ചായത്തുകളില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. പഞ്ചായത്തിനൊപ്പം നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിര്‍മിക്കുന്നതും കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണെന്ന് തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ പറഞ്ഞു.

നിരോധിച്ചത് ഇവയൊക്കെ

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ്സ് (ടേബിളില്‍ വിരിക്കാന്‍ ആയി ഉപയോഗിക്കുന്ന), ക്ലിംഗ് ഫിലിം, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപഭോഗമുളള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍, ക്യാരി ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, വാട്ടര്‍ പൗച്ചസ്, ജ്യൂസ് പാക്കറ്റുകള്‍, പി ഇ ടി/പി ഇ ടി ഇ ബോട്ടിലുകള്‍ കുടിക്കാനുള്ളത് (300 എം എല്‍ കപ്പാസിറ്റിക്ക് താഴെ), ഗാര്‍ബേജ് ബാഗ്, പിവിസി ഫ്ളക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്.

Previous Post Next Post