തളിപ്പറമ്പ്:- കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ നാടകരചന അവാർഡ് നേടിയ ജീവിത നാടകക്കാരൻ പ്രദീപ് മണ്ടൂരിന് നാടകപ്രവർത്തകരുടെ കൂട്ടായ്മ പിലാത്തറ നാടകത്തറയാണ് സ്വീകരണമൊരുക്കിയത്.
നാടകത്തറ പ്രസിദ്ധീകരിച്ച നമുക്ക് ജീവിതം പറയാം എന്ന നാടക സമാഹാരത്തിനാണ് അക്കാദമി പുരസ്കാരം ലഭിച്ചത്. കുളപ്പുറം സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹാദരം പരിപാടിയിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു.
പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പ്രദീപ് മണ്ടൂരിന് നാടകത്തറയുടെ സ്നേഹോപഹാരം സമ്മാനിച്ചു. സിനിമാ താരവും നാടക പ്രവർത്തകനുമായ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.വി.ഉണ്ണികൃഷ്ണൻ ആശംസാ പ്രസംഗവും പ്രദീപ് മണ്ടൂർ മറുമൊഴിയും നടത്തി. കെ.കെ.സുരേഷ് കടന്നപ്പള്ളി സ്വാഗതവും എ.വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
തുടർന്ന് പരിയാരം നാടക വേദിയുടെ നാടകം "മല്ലനും മാതേവനും" അരങ്ങേറി.