മയ്യിൽ:-ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരംഗ' ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദി തുണിയിൽ മയ്യിൽ ഉത്രാടം ടൈലറിങ്ങ് & ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തയ്യാറാക്കിയത് മൂവായിരത്തിലേറെ ദേശീയ പതാകകൾ. ഗ്രാമോദയ ഖാദി പയ്യന്നൂരിന് വേണ്ടിയാണ് പ്രധാനമായും പതാക നിർമ്മിച്ചത്. കുടുംബശ്രീ ജില്ലാ മിഷന് വേണ്ടിയും പതാകകൾ നിർമ്മിച്ച് നൽകി.
ഹർ ഘർ തിരംഗയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണ പതാക ഉയരും. ഇതിനുള്ള പതാകകളുടെ നിർമ്മാണമാണ് ഉത്രാടം ടൈലറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലും നടന്നത്.
ആദ്യ ഘട്ടത്തിൽ മൂവായിരം പതാകകളാണ് നിർമ്മിച്ചത്. ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്‌തെടുത്ത കോറ തുണിയിലാണ് ദേശീയ പതാകകൾ ഒരുങ്ങിയത്. മൂന്ന് നിറങ്ങളിലുമുള്ള തുണിയാണ് ഇതിനായി ഉപയോഗിച്ചത്.
90 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലുമുള്ള ദേശീയ പതാകകളാണ് തയ്യാറാക്കുന്നത്. ഖാദി രീതിയിൽ നിറം നൽകിയ കുങ്കുമ, ശുഭ്ര, ഹരിത വർണ്ണങ്ങളിൽ ഉള്ള തുണികൾ 90: 20 അളവിൽ മുറിച്ചെടുത്ത് സ്ക്രീൻ പ്രിൻ്റ് ചെയ്തെടുത്ത വെള്ള തുണി കൂടി ചേർത്ത് തയ്ച്ച് നാടകളും തുന്നി ചേർത്താണ് പതാക നിർമ്മാണം.
മയ്യിൽ ഉത്രാടം ടൈലറിങ്ങ് & ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പത്ത് പേരടങ്ങുന്ന വനിതകളുടെ സംഘമാണ് ത്രിവർണ പതാക നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്.