മയ്യിൽ:-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഒരു ഉൽപ്പന്നമെന്തിലും ലോക വിപണിയിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കൃഷി വകുപ്പിന് കീഴിലെ മയ്യിൽ ഒമ്പതാം മൈലിൽ ഇരിക്കൂർ ബ്ലോക്ക് തല ഫെഡറേറ്റഡ് സമിതിയുടെ കാർഷിക നഴ്‌സറിയും ജൈവവള വിപണന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉൽപ്പന്നങ്ങൾ ലോക വിപണിയിൽ എത്തിക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ മൂലധനം ലഭിക്കും. അതിലൂടെ മികച്ച രീതിയിൽ വികസന പ്രവർത്തനം നടത്താം. കാർഷിക സ്വയംപര്യാപ്തതയും മാലിന്യ മുക്ത കേരളവും സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കൃഷി ചെയ്യുമ്പോൾ ഭൂവിസ്തൃതിയുടെ കുറവ് പ്രശ്‌നമാകാറുണ്ട്. എങ്കിലും കൃഷിയും കാർഷികോൽപാദനവും കേരളത്തിൽ കൂടി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മയ്യിൽ നഴ്‌സറിയിൽ പച്ചക്കറി വിത്തുകൾ, ജൈവ കീടനാശിനി, പച്ചക്കറി തൈകൾ, നടീൽ വസ്തുക്കൾ തുടങ്ങിയവയാണ് ലഭിക്കുക. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാകും വിൽപ്പന. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങും ഇവിടെ ലഭിക്കും.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന കർഷകൻ പി പി ശ്രീധരന് നൽകി ആദ്യവിൽപ്പന നിർവ്വഹിച്ചു. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം പി സത്യഭാമ, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദം മേധാവി യാമിനി വർമ, മയ്യിൽ സഹകരണ പ്രസ് പ്രസിഡണ്ട് എൻ അനിൽകുമാർ, കൃഷി ഓഫീസർ എസ് പ്രമോദ്, നാളികേര വികസന സമിതി ചെയർമാൻ എം സി ശ്രീധരൻ, മയ്യിൽ ഫ്രഷ് കൂട്ടായ്മ പ്രതിനിധി പി എം മുരളീധരൻ, ബി എൽ എഫ് ഒ പ്രസിഡണ്ട് സി ലക്ഷ്മണൻ, ബി എൽ എഫ് ഒ കൺവീനർ കെ ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു.