കമ്പിൽ :- ബോധപൂർവ്വമുള്ള അലസതയോടെ ബുദ്ധിജീവി ചമഞ്ഞു നടക്കുന്നവർക്കിടയിൽ യഥാർത്ഥ ബുദ്ധിജീവിയായി സാമൂഹിക പരിവർത്തനത്തെ കൃത്യമായി ഉൾക്കൊള്ളുകയും അതിൻ്റെ പ്രായോഗികവും ദാർശനികവുമായ തലത്തിൽ നിന്ന് സമൂഹത്തെ നയിക്കാൻ പ്രാപ്തി നേടിയ ബുദ്ധിജീവിയായിരുന്നു സ.ചടയൻ ഗോവിന്ദനെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ കമ്പിലിൽ പറഞ്ഞു.
സ.ചടയൻ ഗോവിന്ദൻ അനുസ്മരണ പൊതുയോഗം കമ്പിലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു അദ്ദേഹം.
ഒരു നേതാവ് എന്നത് സമൂഹത്തിൻ്റെ ഉൽപന്നമാണെന്നും ഒരു നേതാവിന് വർഗ്ഗസമരത്തെയും സമൂഹത്തെയും മുന്നോട്ട് നയിക്കുക എന്ന ചുമതലയാണ് നിർവ്വഹിക്കാനുള്ളത് എന്നും അത് അവസാന നിമിഷം വരെ നിർവ്വഹിച്ച നേതാവായിരുന്നു ചടയനെന്നും തുറന്നു വച്ച പുസ്തകം പോലെ ചടയനെ പഠിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നന്നായിട്ട് വായിക്കുകയും ഇംഗ്ലീഷിൽ നേടിയ പരിജ്ഞാനം സാമൂഹിക പരിവർത്തനത്തെയും നിയമത്തെയും ശരിയായി സാംശീകരിച്ച് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹീക പ്രവർത്തനവും ദാർശനീക പ്രവർത്തനവും നടത്താൻ കെൽപ്പ് നേടിയ ചടയൻ്റെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണെന്നും ചടയൻ്റെ ജനങ്ങളോടുള്ള സമീപനവും നിസ്വാർത്ഥ ജീവിതവും കറ പുരളാത്ത ജീവിത ശൈലിയും പഠിക്കാൻ നമുക്കാവണമെന്നും അദ്ദേഹം അനുസ്മരണ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
ചടങ്ങിന് പി പവിത്രൻ അധ്യക്ഷത വഹിച്ചു.എം വി. ജയരാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, ബിജു കണ്ടക്കൈ, കെ ചന്ദ്രൻ, എൻ അനിൽ കുമാർ എന്നിവർ സംസാരിച്ചു.എൻ അശോകൻ സ്വാഗതം പറഞ്ഞു.
നേരത്തെ കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.