കണ്ണൂർ: - ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മലയാളദിനാഘോഷം, ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് നടക്കും. രാവിലെ 10.45ന് കലക്ടറേറ്റ് ആംഫി തിയറ്ററിൽ പ്രശസ്ത നാടകനടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. എ ഡി എം കെ കെ ദിവാകരൻ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ജീവനക്കാർക്കായി ക്ലബ് എഫ് എമ്മുമായി ചേർന്ന് നടത്തുന്ന കേരളപ്പിറവി ഗെയിം ഷോ അരങ്ങേറും.
ഇതിന് മുന്നോടിയായി ജില്ലയിലെ ജീവനക്കാർക്കും അധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ നടത്തും. സർവ്വീസ് ജിവിതത്തിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി അനുഭവക്കുറിപ്പ് രചന, മലയാള പുസ്തകത്തെ ആധാരമാക്കിയുള്ള ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ എന്നിവയാണ് നടത്തുന്നത്. ആർ രാജശ്രീയുടെ 'കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പാണ് തയ്യാറാക്കേണ്ടത്. പരമാവധി 150 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പുകൾ. ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക വിഭാഗമായാണ് ഗെയിം ഷോ ഒഴികെയുള്ള മത്സരം. ഗെയിം ഷോ, പരിഭാഷ മത്സരങ്ങളിൽ പങ്കെടുക്കുന്നവരും പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രചനകൾ ഒക്ടോബർ 29നകം വിലാസം, ഫോൺ നമ്പർ, ഓഫീസ് വിവരം എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ, kannurprdcontest@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയക്കണം.
നവംബർ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് ആംഫി തിയറ്ററിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ടി പത്മനാഭൻ നിർവ്വഹിക്കും