എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി;കണ്ണൂർ ജില്ലാ റാലി സംഘടിപ്പിച്ചു

 


കൂത്തുപറമ്പ്:-എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്ന ജില്ലാ റാലിക്ക് പ്രൗഢ സമാപനം.പതിമൂന്ന് ഡിവിഷനുകളിൽ നിന്നെത്തിയ അയ്യായിരത്തോളം കേഡർ അംഗങ്ങൾ പങ്കെടുത്തു.വൈകിട്ട് 4 മണിക്ക് ആരംഭിച്ച റാലി പൊതു സമ്മേളനത്തോടെയാണ് സമാപിച്ചത്.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് നേതൃത്വം റാലിക്ക് അഭിവാദ്യ സ്വീകരണങ്ങൾ നൽകി.വൈകിട്ട് ആറ് മണിക്ക് നടന്ന പൊതു സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു.

നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ സ്വാദിഖ് പ്രഭാഷണം നടത്തി.വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയം രാജ്യത്തിന്റെ മതേതര ജനാധിപത്യതിന്റെ സംരക്ഷണത്തിന് വേണ്ടി ഉയർത്തിപ്പിടിക്കുന്നതാണ്.

രാജ്യത്ത് രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും ന്യൂനപക്ഷ വിഭാഗങ്ങളേയും ദളിതരേയും അവഗണിക്കുന്നത് തുടർക്കഥയാകുന്നു.ന്യൂനപക്ഷ സംവരണങ്ങളെ അട്ടിമറിച്ചും സവർണ്ണ താല്പര്യങ്ങളെ സംരക്ഷിക്കും വിധത്തിൽ വിദ്യാഭ്യാസ നയങ്ങളെ രൂപപ്പെടുത്തിയെടുക്കാനുമുള്ള ശ്രമത്തെ ഉദ്ബുദ്ധരായ

വിദ്യാർത്ഥികൾ ചെറുത്തു തോൽപ്പിക്കണം. രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ അസമത്വം വർദ്ധിച്ചുവരുന്നത് ഭരണഘടനാ വിരുദ്ദമാണ്. ജനങ്ങളെ ഭരണഘടന മൂല്യങ്ങളിലേക്ക് നയിക്കുന്നതിനാണ് എസ് എസ് എഫ് വീ ദെ പീപ്പിൾ ഓഫ് ഇന്ത്യ എന്ന പ്രമേയംരാജ്യവ്യാപകമായി ഉയർത്തിപ്പിടിക്കുന്നത്.

 ലിബറലിസത്തിന്റെ മറവിൽ ലഹരിയും അസാന്മാർഗിക പ്രവർത്തനങ്ങളും പെരുകുമ്പോൾ ഭരണകൂടം നിസ്സംഗമായിരിക്കുന്ന ജനദ്രോഹ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 സമസ്ത കണ്ണൂർ ജില്ല സെക്രട്ടറി പിപി അബ്ദുൽ ഹക്കീം സഅദി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് പി കെ അലിക്കുഞ്ഞി ദാരിമി, വി വി അബൂബക്കർ സഖാഫി, ജാബിർ നെരോത്ത്, ഫിർദൗസ് സഖാഫി കടവത്തൂർ, പി വി ഷുഹൈബ് വായാട് എന്നിവർ   സംബന്ധിച്ചു.

 ഐപിബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത് , മുഹമ്മദ് അനസ് അമാനി, ഷംസീർ ടിവി സംസാരിച്ചു.ഏപ്രിൽ 29ന് കണ്ണൂരിൽ വെച്ചാണ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനം നടക്കുന്നത്.





Previous Post Next Post