കണ്ണൂർ അർബൻ നിധി നിക്ഷേപത്തട്ടിപ്പ് ; മയ്യിലിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു


മയ്യിൽ : ലാഭവിഹിതം വാഗ്ദാനം ചെയ്ത്കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അർബൻ നിധിക്കെതിരെ വീണ്ടും കേസുകൾ. മയ്യിൽ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കുറ്റ്യാട്ടൂരിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.വി. വത്സരാജന്റെ പരാതിയിലാണ് കേസെടുത്തത്. 13.30 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. 2022 മെയ് മാസമാണ് പണം നൽകിയത്. ആദ്യം 12 ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെ തുട ർന്ന് ചെറിയ തുക നിക്ഷേപിച്ച തെങ്കിലും പിന്നീട് 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെ തുടർന്ന് കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പയ്യന്നൂർ വെള്ളൂരിലെ ഭർതൃമതിയിൽ നിന്ന് 7,90,000 രൂപ വാങ്ങിയ ശേഷം തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസും, ഒഴക്രോം സ്വദേശി പി.സി.ഗിരിജയുടെ 36,000 രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ കണ്ണപുരം പോലീസും, കുറ്റ്യാട്ടൂർ സ്വദേശി കെ.വി.വത്സരാജന്റെ 13,31,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മയ്യിൽ പോലീസും, പിണറായി കാപ്പുമ്മൽ കൃഷ്ണദീപത്തിൽ കെ.വി.സുധിയുടെ 17 ലക്ഷം നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ പിണറായി പോലീസും കഴിഞ്ഞ ദിവസം കേസെടുത്തു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിനകം അർബൻ നിധിക്കെതിരെ നിരവധി നിക്ഷേപ തട്ടിപ്പ് പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മയ്യിൽ പോലീസ് ഇതുവരെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. നാല് പരാതികളിലായി അരക്കോടിയിലേറെ രൂപയാണ് നിക്ഷേപകർക്ക് നഷ്ടപ്പെട്ടത്. കരിങ്കൽകുഴിയിലെ പി. ആതിരയിൽ നിന്ന് 15.18 ലക്ഷം രൂപയും കണ്ണാടിപ്പറമ്പ് ശബരി നിവാസിൽ മുരളിയിൽ നിന്ന് 15.20 ലക്ഷം രൂപയും കണ്ണാടിപ്പറമ്പിലെ പുളുക്കൽ നിഷയിൽ നിന്ന് 7.60 ലക്ഷം രൂപയും തട്ടിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം മയ്യിൽ പോലീസ് കേസെടുത്തിരുന്നു. മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Previous Post Next Post