ചിറക്കൽ : നാലര പതിറ്റാണ്ടിനുശേഷം ഒരുനാട് ആകമാനം കാത്തിരുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ഇനി മൂന്ന് രാവുകൾ മാത്രം. അഞ്ച് മുതൽ ഒൻപത് വരെയാണ് പെരുങ്കളിയാട്ടം.
ഏപ്രിൽ അഞ്ചിന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
മന്ത്രി കെ.രാധാകൃഷ്ണൻ, ചിറക്കൽ കോവിലകം നിയുക്ത വലിയരാജ ഉത്രട്ടാതി തിരുന്നാൾ സി.കെ.രാമവർമ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാഞ്ഞങ്ങാട് രാമചന്ദ്രൻ, സി.കെ.സുരേഷ്‌വർമ എന്നിവർ പ്രസംഗിക്കും. 39 തെയ്യങ്ങൾ ആസ്വദിക്കാൻ വിദേശരാജ്യങ്ങളിൽനിന്നുപോലും ഭക്തർ എത്തിത്തുടങ്ങി.
ദിവസവും തോറ്റംപാട്ടിന്റെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പുലർച്ചെമുതൽ ഇടവേളകളില്ലാതെ തെയ്യക്കോലങ്ങൾ നാടിനെ അനുഗ്രഹിക്കാനെത്തും. 39 തെയ്യങ്ങൾ നിറഞ്ഞാടുന്ന സൗന്ദര്യം ആസ്വദിക്കാൻ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ ഭക്തർ എത്തും. വലിയപന്തൽ ഉയർന്നുകഴിഞ്ഞു. ആയിരക്കണക്കിനാളുകൾക്ക് ദിവസവും പ്രസാദസദ്യ നൽകും. പതിനായിരങ്ങൾ എത്തുന്ന കളിയാട്ടത്തിന് വൻ ഒരുക്കമാണ് നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തി. ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നതിനും വാഹന പാർക്കിങ്, കുടിവെള്ളസൗകര്യം, ശുചിത്വം, ഭക്ഷണശാല ക്രമീകരണം എന്നിവ പരിശോധിച്ചു.
ചിറക്കൽ ദേശമാകെ ഉത്സവാന്തരീക്ഷത്തിലാണ്. വിദേശികളടക്കം നിരവധിയാളുകൾ ചാമുണ്ഡിക്കോട്ടത്തേക്ക് എത്തിത്തുടങ്ങി. ഒരുക്കങ്ങൾ പൂർത്തിയായതായും ഭക്തജനങ്ങളുടെയും നാടിന്റെയും പിന്തുണയിൽ പെരുങ്കളിയാട്ടം ചരിത്രസംഭവമാകുമെന്നും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ സുരേഷ് വർമ പറഞ്ഞു.