ഇരിട്ടി:-പ്രളയ പ്രതിരോധത്തിനും വൈദ്യുത ഉൽപാദനത്തിനും ജലസേചനത്തിനും ഉപയോഗിക്കാൻ കഴിയുന്ന കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇരിട്ടി വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി മേഖല കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഏറ്റെടുക്കുന്ന ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വൈദ്യുതി മേഖല പൊതുമേഖലയിൽ തന്നെ നിലനിർത്താൻ കാര്യക്ഷമത വർധിപ്പിക്കാനും അനാവശ്യ ചെലവ് കുറക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. അടുത്ത നാലു വർഷത്തിനുള്ളിൽ അത് 50 ശതമാനമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
10 സെന്റിൽ രണ്ടു നിലകളിലായി 198 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. 66 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. കോഴിക്കോട് സിവിൽ കൺസ്ട്രക്ഷൻ ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിൽ ചാവശ്ശേരി ആസ്ഥാനമായ പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുത പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തി നടത്തിയത്.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സർക്കിളിന് കീഴിലെ ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിലാണ് വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പ്രവർത്തിക്കുന്നത്. പായം, അയ്യങ്കുന്ന്, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 10800 ഉപഭോക്താക്കളുള്ള സെക്ഷൻ ഓഫീസ് ഇതുവരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.
അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. സിവിൽ കൺസ്ട്രക്ഷൻ നോർത്ത് ചീഫ് എഞ്ചിനീയർ കെ രാജീവ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, അംഗം ഹമീദ് കണിയാറ്റയിൽ, പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വിനോദ്കുമാർ, അംഗം മുജീബ് കുഞ്ഞിക്കണ്ടി, വിതരണ വിഭാഗം ഉത്തര മലബാർ ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ, ശ്രീകണ്ഠപുരം സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എ എം ജോസഫ് ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു