കണ്ണൂർ: ജില്ല ജനറൽ ആശുപ്രതിയിൽ അലഞ്ഞുതിരിഞ്ഞെത്തിയ ആടിന് നഴ്സിന്റെ കരുതലിൽ സുഖപ്രസവം. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ജില്ല ജനറൽ ആശുപതി പേ വാർഡിന് സമീപത്ത് വെച്ച് കരളലിയിക്കുന്ന കാഴ്ച കണ്ടത്. റൌണ്ട്സിന്റെ ഭാഗമായി പേ വാർഡിലെത്തിയ സീനിയർ നഴ്സിങ്ങ് ഓഫിസർ എൽ കെ ബിന്ദുവും നഴ്സിങ്ങ് ഓഫീസറായ എസ്. സുനിലയും കൂടി പ്രസവ സമയത്ത് നിലത്ത് വീണ് മണ്ണിൽ പുതഞ്ഞുകിടന്ന നാല് ആടിൻ കുഞ്ഞുങ്ങളെയും ഇതും ഒരു ജീവനാണ് എന്ന് പറഞ്ഞ് വാരിയെടുത്ത് കുഞ്ഞുങ്ങളുടെ ദേഹം വൃത്തിയാക്കിയതിനു ശേഷം സമീപത്തെ വാഴയില മുറിച്ചെടുത്ത് മെത്തയാക്കി അതിൽ കിടത്തുന്ന കാഴ്ച. പിന്നീട് വിവരമറിയിച്ചതിനെ തുടർന്നെത്തിയ കണ്ണൂർ ജില്ല മൃഗാശുപ്രതിയിലെ വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ.അനന്ദു കൃഷ്ണൻ നമ്പ്യാർ അമ്മയെയും കുഞ്ഞുങ്ങളെയും പരിശോധിച്ച് ആരോഗ്യം ഉറപ്പ് വരുത്തി മടങ്ങി.
കഴിഞ്ഞ ദിവസം വൈകീട്ട് 4ഓടെ ജില്ല ആശുപത്രി പേ വാർഡിന് സമീപത്തെ ഭയാനകമായ രീതിയിൽ അലറിയുള്ള ആടിന്റെ കരച്ചിൽകേട്ട രോഗികളുടെ കൂട്ടിരിപ്പുകാരാണ് ആട് നിലത്ത് കിടന്ന് അവശതയോടെ കരയുന്നത്. നഴ്സുമാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സമീപ പ്രദേശത്തെ വീട്ടിൽ നിന്നും പൂർണ്ണഗർഭിണിയായ ആടിനെ കെട്ടഴിച്ച് വിട്ടതാണെന്നും, നാല് ദിവസം മുമ്പ് ഇതേ ആശുപത്രി വളപ്പിൽ അലഞ്ഞുതിരിഞ്ഞെത്തിയ മറ്റൊരു ആടിനെ ആശുപത്രിവളപ്പിൽ കൂട്ടം കൂടിയെത്തിയ നായ്ക്കൾ കടിച്ചുകീറി കൊന്നിരുന്നു എന്നും ആശുപ്രതി വളപ്പിലെ നായ്ക്കളുടെ ശല്യം കാരണം രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ആശുപത്രി വളപ്പിൽ വിവിധ ആവശ്യങ്ങൾക്ക് നടന്ന് പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്