ദുരന്തങ്ങളെ നേരിടാൻ കൂടാളിയിലെ കുട്ടികൾ സജ്ജ'രാണ്

 


കൂടാളി:-കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സജ്ജം പദ്ധതിയുടെ കൂടാളി ഗ്രാമ പഞ്ചായത്ത് തല ക്യാമ്പ് സംഘടിപ്പിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോൾ അതിൽ പകച്ചു നിൽക്കാതെ നേരിടാനുള്ള മനക്കരുത്തുണ്ടാക്കി കുട്ടികളെ സജ്ജരാക്കുക എന്നതാണ് കുംടുംബശ്രീ ബാലസഭ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് സ്ഥലങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്റെ ഇടം, കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം, കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തിയത്. ബാലസഭ അംഗങ്ങളായ 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വിവിധ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകൾ പ്രകാരമാണ് പരിശീലന പരിപാടി നടത്തിയത്.

10 മുതൽ 18വരെയുള്ള വാർഡുകളിലെ ക്യാമ്പ് കൂടാളി യു പി സ്‌കൂളിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്ത ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ പി ജലജ അധ്യക്ഷത വഹിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള വാർഡുകളുടെ ക്യാമ്പ് പാളാട് യു പി സ്‌കൂളിൽ സ്ഥിരം സമിതി അധ്യക്ഷൻ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം സുരേഷ് ബാബു അധ്യക്ഷനായി. ക്യാമ്പിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ സന്ദർശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി രാജശ്രീ എന്നിവർ സംബന്ധിച്ചു. ബാലസഭാ റിസോഴ്സ് പേഴ്സൺമാരായ കെ ബിന്ദു, പ്രേമരാജൻ കാര, ടി പ്രഭാവതി, ആർ സുജ എന്നിവർ ക്ലാസുകൾ എടുത്തു. രണ്ട് ക്യാമ്പുകളിലും 50 വീതം കുട്ടികളെയാണ് പങ്കെടുപ്പിച്ചത്.

Previous Post Next Post