മയ്യിൽ :- ജൂൺ 19 മുതൽ ജൂലൈ 7 വരെ നീണ്ടുനിന്നതായിരുന്നു ഈ വർഷം തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിന്റെ വായനപക്ഷാചരണം. ഗ്രന്ഥാലയം പരിധിയിലെ ഓരോ വീടുകളിലും വിരുന്നുകളായും ഉത്സവങ്ങളായും മാറിയ നവ്യാനുഭവങ്ങളായിരുന്നു വായനാ പക്ഷാചരണത്തിൽ സംഘടിപ്പിച്ച 'വായനയുടെ വീട്ടകങ്ങൾ'.
കർക്കിടകമഴയിലെ രാത്രികൾ പെയ്ത് നിറയുമ്പോൾ മഹാരഥന്മാരായ എഴുത്തുകാരെ ഓർമ്മിക്കുകയായിരുന്നു ദേശം ഈ ദിവസങ്ങളിൽ. ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം വിഖ്യാത എഴുത്തുകാരുടെ സാഹിത്യ പ്രപഞ്ചത്തിലൂടെയാണ് നാട് സഞ്ചരിച്ചത്. എഴുത്തുകാരുടേയും കലാകാരന്മാരുടേയും ജന്മദിനങ്ങളേയും ഓർമദിനങ്ങളും അവരുടെ ഹൃദയരക്തം കൊണ്ട് എഴുതിയ പുസ്തകങ്ങളാന്ന് ദേശം ഓർത്തെടുത്തത്. ഈ കാലയളവിൽ സഫ്ദറിന്റെ പ്രോഗ്രാം രജിസ്റ്ററിൽ ഒപ്പു ചേർത്തവർ അഞ്ഞൂറിനടുത്തും.
ദേശത്തിൻ്റെ വീട്ടകങ്ങളിൽ രാത്രി 7.30 നായിരുന്നു അനുസ്മരണങ്ങളുടെ കിക്ക് ഓഫ്.കെ ജി ശങ്കരപ്പിള്ളയെ ഓർത്തുകൊണ്ടായിരുന്നു' വായനയുടെ വീട്ടകങ്ങ'ളുടെ തുടക്കം. എം ഷൈജുവിന്റെ വീട്ടിൽ അനൂപ് ലാൽ മാഷ് നാടകജീവിതത്തിൻ്റെ ജാലകങ്ങൾ തുറന്നു.
പൊൻകുന്നം വർക്കിയെ അനുസ്മരിച്ചത് കെ ബിജേഷിന്റെ വീട്ടിലായിരുന്നു. പതിവുശീലങ്ങളുടെ ചതുരക്കള്ളികളിൽ ഒതുങ്ങാത്ത സർഗാത്മക ജീവിതത്തിൻ്റെ നഖചിത്രമായിരുന്നു കെ സി ശ്രീനിവാസൻ്റെ അവതരണം.
കേശവദേവിനേയും എൻ പി മുഹമ്മദിനേയും അനുസ്മരിച്ചത് കെ സി ശ്രീനിവാസന്റെ വീട്ടിലായിരുന്നു. സാഹിത്യത്തിലെ അതികായരെ എത്ര മനോഹരമായാണ് ദിലീപൻമാഷ് വാങ്മയ ചിത്രങ്ങളാക്കിയത്.
കെ ദാമോദരനെന്ന വിപ്ലവകാരിയെ എം വി സുരേഷിന്റെ വീട്ടിൽ ചേർന്ന വീട്ടകവായനയിൽ പി കുഞ്ഞികൃഷ്ണനാണ് അനുസ്മരിച്ചത്.
യൗവ്വനാരംഭത്തിൽ കാലാതിവർത്തിയായ കവിതകളെ കൊത്തിവെച്ച് കടന്നു പോയ ഇടപ്പള്ളിയെ കസ്തൂർബ കോളനിയിൽ ശരത്തിന്റെ വീട്ടിൽ ചേർന്ന സദസിലാണ് അവതരിപ്പിച്ചത്. അഭിലാഷ് കണ്ടക്കൈയാണ് കവിതകൾ പൂത്ത രാത്രിയെ നയിച്ചത്.
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ പി പി സന്തോഷ് കുമാറിൻ്റെ വീട്ടിൽ വി പി ബാബുരാജാണ് അനുസ്മരിച്ചത്. ഇമ്മിണി ബല്യ കഥകളാൽ വൈലാലിൽ വീട്ടിൽ ഒത്തുചേർന്ന പോലൊരു രാവായിരുന്നു അത്!
പറഞ്ഞുതീരാത്ത കഥകളിലൂടെ നാടുണർത്തിയ വി സാംബശിവനെ വി വി ഗോവിന്ദന്റെ വീട്ടിൽ രാധാകൃഷ്ണൻ മാണിക്കോത്ത് മാഷ് ലളിതസുന്ദരമായി വരച്ചിടുകയായിരുന്നു.
ലൈബ്രറി പ്രസ്ഥാനത്തെ സന്യാസ തുല്യമായ ജീവിതംകൊണ്ട് അനേകരിലേക്ക് തുന്നിച്ചേർത്ത ഐ വി ദാസ് മാഷെ സി സുമിത്രന്റെ വീട്ടിലാണ് അനുസ്മരിച്ചത്.ഓർമ്മകളുടെ വലിയ ലോകത്തെയാണ് മുൻ തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പികുഞ്ഞികൃഷ്ണൻ തുറന്നിട്ടത്.
വായനയുടെ വീട്ടകം പുതുമയുള്ള ചിന്തയായിരുന്നു. അനേകം വീടുകൾ വായനയുടെ ആതിഥേയരായി.ചക്കപ്പുഴുക്കും മധുരപലഹാരങ്ങളും കട്ടൻകാപ്പിയും ഒക്കെയായി മധുരമുള്ള ആതിഥേയത്വം.
വായനയുടെ വീട്ടകങ്ങൾ ഇവിടെ അവസാനിക്കുന്ന സീസണൽ ദൗത്യമല്ലെന്ന തിരിച്ചറിവോടെ സവിശേഷമായ പുസ്തകങ്ങളുമായി വീട്ടകങ്ങളിൽ നിന്ന് വീട്ടകങ്ങളിലേക്ക് സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൻ്റെ യാത്ര തുടരുകയാണ് എന്ന് സംഘാടകരും പറഞ്ഞു വെക്കുന്നു.
വായനശാലക്കൊപ്പം തായംപൊയിൽ എ എൽപി സ്കൂളും വായനമാസാചരണവുമായ് ഒപ്പം ചേർന്നിരുന്നു. സംയുക്ത പരിപാടികളുടെ ഉദ്ഘാടനം ജൂൺ 19 ന് വായന ദിനത്തിൽ വി മനോമോഹനൻ മാസ്റ്റർ നിർവഹിച്ചു. വായനശാലയിൽ പുതിയതായി വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനവും ഒരുക്കി. വായനശാല സന്ദർശന പരിപാടിയുടെ ഭാഗമായി എത്തിയ കുട്ടികളെ ലൈബ്രേറിയൻ എൻ അജിത സ്വീകരിച്ചു. പുസ്തകമധുരം തേടി എന്ന പരിപാടിയിൽ വയോജന വേദി പ്രസിഡന്റ് വി വി ഗോവിന്ദൻ കുട്ടികളോട് സംസാരിച്ചു. വായനകുറിപ്പ് തയ്യാറാക്കുന്നതിന് പുസ്തകങ്ങളുമായാണ് കുട്ടികൾ മടങ്ങിയത്.