കൊളച്ചേരി: - 'ഇന്ത്യയെൻ്റെ രാജ്യം, എൻ്റെ സ്വന്ത രാജ്യം, ഇന്ത്യയെൻ്റെ ജീവനേക്കാൾ ജീവനായ രാജ്യം' ' സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കണ്ഠങ്ങളിൽ നിന്ന് ഈ ഗാനം ഒരുമിച്ചുയർന്നപ്പോൾ അത് ദേശസ്നേഹത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും വിളംബരമായി മാറി. കൊളച്ചേരി ഇ പി.കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ നടന്ന 'അമൃതം' സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് നൂറ്റിയിരുപതോളം കുരുന്നുകൾ പങ്കെടുത്ത സ്വാതന്ത്ര്യ ദിന സംഘ ഭേരി നടന്നത്.' മനസ്സു നന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ ' എന്ന ആമുഖ ഗാനത്തോടെ തുടങ്ങിയ സംഘഭേരി ദേശീയ ഗാനത്തോടെ സമാപിച്ചു.
പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ ദേശീയപതാക ഉയർത്തി. സിവിൽ പോലീസ് ഓഫീസർ രമ്യ ദിവാകരൻ ഫ്ലാഗ് സല്യൂട്ട് നൽകി. കളിമുറ്റംബോധനോദ്യാനത്തിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ശുഭ്ര വേഷത്തിൽ ദേശീയ പതാകകളും ബാഡ്ജുകളും ബലൂണുകളുമായി സ്വാതന്ത്ര്യദിന റാലി നടന്നു. തുടർന്ന് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ അധ്യക്ഷനായി. പ്രൈം മിനിസ്റ്റേർസ് ഓഫീസിൽ സി.ഇ.ഒ ആയി റിട്ടയർ ചെയ്ത ടി.കെ.രമേശൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി.പി.കുഞ്ഞിരാമൻ, ടി.മുഹമ്മദ് അഷ്റഫ്, കെ.എ. പ്രിയ, നമിത പ്രദോഷ്, വി.വി. രേഷ്മ, പി.പി.സരള, എം.വി.ഷിജിൻ സ്കൂൾ ലീഡർമാരായ അൻവി ക.കെ.എ, അന്വയ് രാം എന്നിവർ ആശംസയർപ്പിച്ചു.സി. നിസാമുദ്ദീൻ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനങ്ങളും മൂന്നാം ക്ലാസ്സിലെ അവന്തിക അവതരിപ്പിച്ച 'വന്ദേമാതരം' നൃത്തശില്പവും അരങ്ങേറി. മധുര പലഹാര വിതരണവും പായസവിതരണവുമുണ്ടായി.