കൽപ്പറ്റ : വയനാടൻ വയലുകളിൽ ബാറ്റേന്തി ഇന്ത്യൻ ക്രിക്കറ്റോളം ഉയർന്ന മിന്നുമണിയെത്തേടി വീണ്ടുമൊരു അംഗീകാരം കൂടി. ദേശീയ ടീമിന്റെ ജഴ്‌സിയിൽ ഇന്ത്യക്കായി സ്വപ്ന നേട്ടങ്ങൾ നെയ്ത മിന്നുമണിയെ ഇന്ത്യ എ ടീം ക്യാപ്റ്റനായി ബി സി സി ഐ തിരഞ്ഞെടുത്തു. ഒരു മലയാളി പെൺകുട്ടിക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ഇതോടെ മാനന്തവാടി ഒണ്ടയങ്ങാടിയെന്ന മിന്നുമണിയുടെ ജന്മനാട് ആഹ്ലാദാരവങ്ങൾക്ക് നടുവിലാണ്. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 29, ഡിസംബർ 1, 3 തീയതികളിലായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിൽ നിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തിയ ആദ്യ വനിതാ താരമെന്ന നേട്ടത്തിന് പിന്നാലെയാണ് പുതിയ ചുമതല.
ഓഫ് സ്‌പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളത്തിലിറങ്ങിയിരുന്നു.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വൻ്റി 20 ടീം സ്ക്വാഡിലുണ്ടായിരുന്ന മിന്നു, അരങ്ങേറ്റ പരമ്പരയിൽ 5 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. വനിത ഐ പി എല്ലിൻ്റെ പ്രഥമ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു മിന്നു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.എസിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിന്നു ക്രിക്കറ്റിൽ പിച്ചവെക്കുന്നത്.
കായികാധ്യാപക എത്സമ്മ മിന്നുവിലെ ക്രിക്കറ്ററെ കണ്ടെത്തുകയായിരുന്നു. തൊടുപുഴയിലെ ജൂനിയർ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് അവസരം ലഭിച്ചത് മിന്നുവിൻ്റെ കരിയറിൽ വഴി തിരിവായി. സ്വപ്‌നങ്ങളോരോന്നായി കീഴടക്കി മുന്നേറുന്ന വയനാടിൻ്റെ മുത്തുമണിക്ക് ആശംസാപ്രവാഹമാണ് എത്തിക്കൊണ്ടിരിക്കുന്നത്.