കണ്ണൂർ :- അഴിക്കോട് നവകേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് താറിങ് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. നവകേരള സദസ്സിന് മാത്രമായി റോഡ് ടാർ ചെയ്യുന്നുവെന്നാണ് ആക്ഷേപം. പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഈ മാസം 21നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തിൽ നടക്കുന്നത്. പരിപാടിയുടെ വേദിയിലേക്ക് പോകുന്ന റോഡ് മാത്രമാണ് താർ ചെയ്തത്. ജല്‍ ജീവൻ മിഷനു വേണ്ടി ഈ ഭാഗത്തെ പല റോഡുകളും വെട്ടിപ്പൊളിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയലേക്ക് പോകുന്ന റോഡ് മാത്രമാണ് തിരക്കിട്ട നന്നാക്കിയത്. ഇതൊരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നാണ് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിക്കുന്നത്.
ജല്‍ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ചവയില്‍ ജനങ്ങൾ പ്രയാസം അനുഭവിക്കുന്ന റോഡുകള്‍ വേറേയുമുണ്ടെന്നും ഇതുസംബന്ധിച്ച് അധികൃതതരെ അറിയിച്ചിട്ടും അവയൊന്നും നന്നാക്കാതെ ഈ റോഡ് മാത്രം നന്നാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂത്ത് ലീഗ് പ്രവർത്തകർ പറയുന്നത്.