ഒൻപതുവർഷം മുൻപ് നഷ്ടപ്പെട്ട പ്രിയപ്പെട്ട ഗുരുനാഥയുടെ സ്മരണയിൽ സ്കൂളിൽ ഹെൽത്ത് ക്ലിനിക്ക് ഒരുക്കി പ്രിയശിഷ്യർ


പാനൂർ :- ഒൻപതുവർഷം മുൻപ് നഷ്ടപ്പെട്ട പ്രിയപ്പെട്ട ഗുരുനാഥയ്ക്ക് കണ്ണീരിൽ ചാലിച്ച 'സ്നേഹദക്ഷിണ'യുമായി വിദ്യാലയമുറ്റത്ത് അവർ ഒത്തുചേർന്നു. പ്രിയപ്പെട്ട ജെസി ടീച്ചറുടെ ഓർമയ്ക്ക് സ്കൂളങ്കണത്തിൽ പണിതീർത്ത ഹെൽത്ത് ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനാണ് ചെണ്ടയാട് ജവാഹർ നവോദയ വിദ്യാലയത്തിലെ 1989-96 ബാച്ച് ഞായറാഴ്ച ഒരുമിച്ചത്.

മഴക്കാലത്ത് പനിയും ചുമയും മറ്റ് അസുഖങ്ങളുമായി വിദ്യാർഥികളുടെ നീണ്ടനിരതന്നെ സ്കൂളിലെ പഴയ ഹെൽത്ത് സെന്ററിന് മുന്നിലുണ്ടാകാറുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് 24 ലക്ഷം രൂപ ചെലവിൽ 1,500 ചതുരശ്ര മീറ്ററിൽ കെട്ടിടം നിർമിച്ച് ടീച്ചറുടെ സ്മരണയ്ക്ക് സമർപ്പിച്ചത്. ആശുപത്രിയിലേക്ക് പോകുന്ന തൻ്റെ കൈവള്ളയിലേക്ക് ടീച്ചർ ചുരുട്ടിമടക്കിത്തന്ന നോട്ടുകളെക്കുറിച്ചോർത്തപ്പോൾ അന്നത്തെ എട്ടാം ക്ലാസുകാരനായിരുന്ന പ്രസാദിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ടീച്ചറുടെ മാതൃവാത്സല്യവും സ്നേഹശിക്ഷണങ്ങളും ഓർത്ത മറ്റ് ശിഷ്യർക്കും ഇതേ അനുഭവം.

തൻ്റെ അമ്മ ഇവർക്ക് എത്ര മാത്രം പ്രിയങ്കരിയായിരുന്നെന്നോർത്ത് മകളായ ജൂലിയൻ ജോസണും വർഷങ്ങൾക്കുശേഷവും പ്രിയപത്നിക്ക് ശിഷ്യർ നൽകുന്ന ആദരവും സ്നേഹവും കണ്ട് ഭർത്താവും സ്കൂളിലെ മുൻ കായികാധ്യാപകനുമായ ജോസൺ സി.ആന്റണിയും അവിടെയുണ്ടായിരുന്നു. സ്കൂളിലെ മുൻ കായികാധ്യാപികയായി lരുന്ന ജെസി ജോസൺ രക്താർബുദം ബാധിച്ചാണ് 2014-ൽ മരിച്ചത്. കോഴിക്കോട് മുക്കം സ്വദേശിയായിരുന്നു.

Previous Post Next Post