നരേന്ദ്രമോദി ജനുവരി 16 ന് കേരളത്തിൽ ; 17 ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും


കൊച്ചി :- പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 16നു കേരളത്തിലെത്തും. കൊച്ചി മറൈൻ ഡ്രൈവിൽ റോഡ് ഷോ നടത്തും. വൈകിട്ട് 6നാണു ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അനൗപചാരിക തുടക്കം കുറിച്ചു പ്രധാനമന്ത്രി റോഡ് ഷോ നടത്തുക. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ വൈകിട്ട് 5നു കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു റോഡ് മാർഗം മറൈൻ ഡ്രൈവിലെത്തും. എറണാകുളം ഗവ.ഗെസ്റ്റ‌് ഹൗസിൽ തങ്ങുന്ന അദ്ദേഹം 17ന് രാവിലെ ഹെലി കോപ്ടറിൽ ഗുരുവായൂരിലേക്കു പോകും. രാവിലെ 8നു ക്ഷേത്രദർശനത്തിനുശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും.

കൊച്ചിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി രാവിലെ 10നു കൊച്ചിൻ ഷിപ‌്യാഡിൽ ഇൻ്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്), ഡ്രൈഡോക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്നു 11നു മറൈൻ ഡ്രൈവിൽ പ്രത്യേകം സജ്‌ജമാക്കിയ പന്തലിൽ ബിജെപി 'ശക്‌തികേന്ദ്ര'യുടെ ചുമതലയുള്ളവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. തുടർന്നു നാവികസേനാ വിമാനത്താവളത്തിൽനി ന്നു പ്രധാനമന്ത്രി ഡൽഹിയിലേക്കു മടങ്ങും.

Previous Post Next Post