കണ്ണൂർ :- കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണത്തോടനുബന്ധിച്ച് കുഷ്ഠരോഗ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സ്പര്‍ശ് 2024 ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെ വിവിധ പരിപാടികളോടെ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ നടത്തും. കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. രോഗലക്ഷണമുള്ളവര്‍ക്ക് സൗജന്യ പരിശോധനയും വിദഗ്ദ ചികിത്സയും ലഭ്യമാക്കും.
വാര്‍ഡ് തലത്തിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം, പോസ്റ്റര്‍ പ്രദര്‍ശനം, ശബ്ദസന്ദേശങ്ങള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവ നടത്തും. 'സാമൂഹിക അവജ്ഞ അവസാനിപ്പിക്കാം മാന്യത കൈവരിക്കാം' എന്നാണ് ഈ വര്‍ഷത്തെ സന്ദേശം.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി ത്വക്ക് രോഗവിദഗ്ധൻ ഡോ. പി ജ്യോതി ബോധവല്‍ക്കരണ ക്ലാസെടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ ടി രേഖ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി വി അജിത, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി ജെ ചാക്കോ, ജില്ലാ ആശുപത്രി ലേ സെക്രട്ടറി എ പി സജീന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ ലെപ്രസി ഓഫീസര്‍ എ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.