എടാ പോടാ വിളി വേണ്ട ; പതിനൊന്നാമതും സർക്കുലർ ഇറക്കി പോലീസ് മേധാവി


തിരുവനന്തപുരം :- പോലീസ് പൊതുജനങ്ങളോട് സഭ്യമായും മര്യാദയോടും പെരുമാറണമെന്ന് പതിനൊന്നാമതും സർക്കുലർ ഇറക്കി സംസ്ഥാന പോലീസ് മേധാവി. എടാ, പോടാ വിളി വേണ്ടെന്നുപറഞ്ഞ് വീണ്ടും സർക്കുലർ ഇറക്കാൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദിവസങ്ങൾക്കു മുമ്പ് നിർദേശിച്ചിരുന്നു.

1965 മുതൽ കഴിഞ്ഞ വർഷം ജൂലായ്‌ വരെയുള്ള 10 സർക്കുലറുകൾ കൂടി പരാമർശിച്ചിട്ടാണ് പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബിൻ്റെ സർക്കുലർ. പാലക്കാട് ആലത്തൂരിൽ പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിലെ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

പുതിയ നിർദേശങ്ങൾ

• പോലീസ് വകുപ്പിൽ എല്ലാ റാങ്കിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി മാന്യമായും സഭ്യമായും സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. ഇത് നിയമപരമായും ഭരണഘടനാപരമായുമുള്ള ബാധ്യതയാണ്.

• എല്ലാ ജില്ലാ പോലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും അവരുടെ കീഴിലെ സേനാംഗങ്ങൾ ഇക്കാര്യത്തിൽ പരിശീലനം നേടിയെന്ന് ഉറപ്പാക്കണം.

• പെരുമാറ്റം മേലുദ്യോഗസ്ഥർ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം.

• സേനയിലെ പുതിയ അംഗങ്ങൾ പൊതുജനങ്ങളോട് പെരുമാറേണ്ട രീതിയെക്കുറിച്ചും ഭരണഘടനയനുസരിച്ചുള്ള പൗരന്മാരുടെ അവകാശങ്ങളെപ്പറ്റിയും പരിശീലനകാലയളവിൽ അവബോധമുണ്ടാക്കണം. ഇക്കാര്യം പോലീസ് അക്കാദമി ഡയറക്ടറും പരിശീലനവിഭാഗം ഐ.ജിയും പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും ശ്രദ്ധിക്കണം.

• പോലീസ് പ്രവർത്തനത്തിന്റെ വീഡിയോയോ ചിത്രങ്ങളോ പകർത്താൻ പോലീസ് നിയമപ്രകാരം പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ഇത്തരത്തിൽ ഇലക്ട്രോണിക് റെക്കോഡുകൾ നിയമവിധേയമായി എടുക്കുന്നതിനെ തടയരുത്.

Previous Post Next Post