കാസർകോട് :- പി.എസ്.സി. പരീക്ഷാഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി. പി.എസ്.സി പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന കാഞ്ഞങ്ങാട് മുറിയനാവി സ്വദേശിനി കെ.ഭവിന സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിയിൽ പി.എസ്.സി സെക്രട്ടറിയിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പരീക്ഷാ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്നാണ് പി.എസ്.സിയുടെയും അഭിപ്രായം. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർ ക്കാരിൽനിന്ന് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.