ഗുരുവായൂർ : ദേവതകൾക്കും സർവ ഭൂതഗണങ്ങൾക്കും വിസ്മരിച്ച പൂജാവിധികളോടെ സമൃദ്ധിയായി നിവേദ്യം സമർപ്പിച്ചായിരുന്നു ബുധനാഴ്ച ഗുരുവായൂരപ്പൻ്റെ ഉത്സവബലി. വ്യാഴാഴ്ച പള്ളിവേട്ടയുടെ ഗ്രാമബലിക്ക് ഭഗവാൻ ക്ഷേത്രംവിട്ട് എഴുന്നള്ളും. വെള്ളിയാഴ്ച തീർഥക്കുളത്തിലെ ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിന് ഗോപുരത്തിനും പുറത്തിറങ്ങും. രണ്ടു ദിവസവും സന്ധ്യാദീപാരാധന ശ്രീലകത്തിനു പുറത്ത് കൊടിമരച്ചുവട്ടിലാണ്.
ബുധനാഴ്ച രാവിലെ ഒൻപതിന് തുടങ്ങിയ ഉത്സവബലി സമാപിച്ചത് ഉച്ചതിരിഞ്ഞ് മൂന്നിന്. ഉച്ചപ്പൂജ കഴിഞ്ഞപ്പോൾ നാലു മണിയായി. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ബലിതൂവി. കീഴ്‌ശാന്തി മേലേടം പദ്‌മനാഭൻ നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു.