തിരുവനന്തപുരം :- ഫ്ലാറ്റുകളിലും ഹൗസിങ് സൊസൈറ്റികളിലും വൈദ്യുതി കണക്ഷൻ എങ്ങനെ നൽകണമെന്നതിനെക്കുറിച്ച് ഉടമകൾക്കിടയിൽ വൈദ്യുതി വിതരണക്കമ്പനി വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷപ്രകാരം തീരുമാനിക്കണമെന്ന് കേന്ദ്രം. ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഒറ്റ കണക്ഷൻ (സിംഗിൾ പോയിൻ്റ്) വേണോ, ഓരോ വീട്ടുകാർക്കും വെവ്വേറെയായി വ്യക്തിഗത കണക്ഷൻ വേണോ എന്ന് തീരുമാനിക്കാനാണിത്.
50 ശതമാനത്തിലേറെ വീട്ടുകാർ ആവശ്യപ്പെട്ടാൽ ഓരോ വീട്ടുകാർക്കും പ്രത്യേകം കണക്ഷൻ നൽകണം. ഇതിനായി വൈദ്യുതി ഉപഭോക്താക്കളുടെ അവകാശം സംബന്ധിച്ച ചട്ടം കേന്ദ്രം ഭേദഗതിചെയ്തു. കേരളത്തിൽ ഫ്ലാറ്റുകളിൽ ഓരോ വീട്ടുകാർക്കും ഇപ്പോൾ വെവ്വേറെ കണക്ഷനാണ് നൽകുന്നത്. ഫ്ലാറ്റ് സമുച്ചയത്തിൽ സിംഗിൾ പോയിൻ്റ് കണക്ഷൻ നൽകി റെസിഡൻ്റ്സ് അസോസിയേഷനുകളുടെ ചുമതലയിൽ താമസക്കാർക്ക് വൈദ്യുതി വിതരണം ചെയ്യുന്ന രീതി താത്പര്യമുണ്ടെങ്കിൽ നടപ്പാക്കാമെന്ന് 2014-ൽ കേരളത്തിലെ സപ്ലൈകോഡിൽ വ്യവസ്ഥ ചെയ്തിരുന്നു.