കണ്ണൂർ :- ഭിന്നശേഷി കുട്ടികളുടെ കായികോത്സവം 'ഇൻക്ലൂ സീവ് സ്പോർട്സ്' ചൊവ്വാഴ്ച തുടങ്ങും. സമഗ്രശിക്ഷ കേരള നടത്തുന്ന കായികോത്സവം രാവിലെ 9.30ന് പോലീസ് ടർഫ് ഗ്രൗണ്ടിൽ വി.ശിവദാസൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യും. ദേശീയ കായികതാരങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. തുടർന്ന് ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ. ബാഡ്മിൻറൺ കക്കാട് ഡ്രീംസ് അരീനയിലാണ്.
ബുധനാഴ്ച രാവിലെ 9.30 മുതൽ അത്ലറ്റിക് മത്സരങ്ങൾ പോലീസ് മൈതാനത്ത് നടക്കും. ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിവിധ ബി.ആർ.സികളിൽ നടന്ന കായികോത്സവത്തിൽ വിജയികളായ 650-ൽപ്പരം കുട്ടികളാണ് ജില്ലാ കായികോത്സവത്തിൽ പങ്കാളികളാവുന്നത്. രക്ഷിതാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കും ഫൺ ഗെയിംസും ഒരുക്കിയിട്ടുണ്ട്. കായികോത്സവത്തിന്റെ ഭാഗമായി ബി.ആർ.സി അധ്യാപികമാരുടെ ഫ്ലാഷ് മോബ് തിങ്കളാഴ്ച മൂന്നിന് താവക്കര ബസ് സ്റ്റാൻഡിൽ ടൗൺ ഇൻസ്പെക്ടർ സുഭാഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്യും. റെയിൽവേ പരിസരം, പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ് എന്നിവിടങ്ങളിൽ അവതരിപ്പിക്കും.