മട്ടന്നൂർ :- വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റാസൽഖൈമ, ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങും. എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസുകൾ നടത്തുക. മേയ് ഒന്നു മുതൽ ആഴ്ചയിൽ മൂന്നു ദിവസമാണ് സർവീസ്.
റാസൽഖൈമയിലേക്ക് കണ്ണൂരിൽ നിന്ന് ആദ്യമായാണ് സർവീസ് തുടങ്ങുന്നത്. ദമാമിലേക്ക് നേരത്തേ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് നടത്തിയിരുന്നു. സിങ്കപ്പുർ, സലാല, ക്വാലാലംപുർ എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ ചർച്ചകൾ നടക്കുന്നുണ്ട്. കിയാലും എയർ ഇന്ത്യ എക്സ്പ്രസും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് സർവീസുകൾ കൂട്ടുന്നത്.
ഇതോടൊപ്പം എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ അന്താരാഷ്ട്ര സർവീസുകളെല്ലാം വേനൽക്കാല ഷെഡ്യൂളിൽ തുടരും. ഷാർജ, ദോഹ, അബുദാബി,, ദുബായ്, മസ്‌കറ്റ്, കുവൈത്ത്, ജിദ്ദ, ബഹ്റൈൻ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ബെംഗളൂരുവിലേക്ക് പ്രതിദിന സർവീസുമുണ്ടാകും. സർവീസുകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർധനയാണ് വേനൽക്കാല ഷെഡ്യൂളിലുണ്ടാകുക.