പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
കൂടെ ജീവിക്കുന്നവരോട് സ്നേഹത്തോടെ നടത്തുന്ന ഇടപെടൽ വിവേകത്തിൻ്റെ പകുതിയാണെന്ന് മൈമൂൻ ബിൻ മിഹ്റാൻ എന്ന സാത്വികൻ പറയുന്നുണ്ട്. കൂടെയുള്ള മനുഷ്യരെ ഉള്ളുകൊണ്ട് സ്നേഹിക്കുന്നവർ സ്വീകാര്യരായി മാറുന്നതും അതിനാലാണ്. പ്രത്യുപകാരങ്ങൾ പ്രതീക്ഷിച്ചോ നേട്ടങ്ങൾ മുന്നിൽക്കണ്ടോ അല്ല, മനുഷ്യനെന്ന മൂല്യത്തിൽ ഊന്നി നിന്നാവണം സ്നേഹം നൽകേണ്ടത്, ദയയും കനിവും കാണിക്കേണ്ടത്. എല്ലാവരും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. സ്നേഹത്തിൻഫലം സ്നേഹം എന്ന കവിവാക്കുപോലെ സ്നേഹം പകരുന്നവരേ സ്നേഹിക്കപ്പെടുകയുള്ളൂ.
സത്കർമിയായ വിശ്വാസിയെ പ്രവാചകൻ നിർവചിക്കുന്നത് സ്നേഹിക്കുന്നവനും സ്നേഹിക്കപ്പെടുന്നവനുമെന്നാണ്. എങ്ങനെയാണ് സ്നേഹിക്കുക എന്നതിന് പ്രവാചകരുടെ മറുപടി, നിനക്കു ണ്ടാവാൻ നീ ആഗ്രഹിക്കുന്നതെല്ലാം നിൻ്റെ സഹോദരനുണ്ടാകണമെന്ന് ആഗ്രഹിക്കുകയെന്നാണ്. യഥാർഥ സഹോദര സ്നേഹം അവന്റെ അഭാവത്തിലും അവനുവേണ്ടി പ്രാർഥിക്കലും അവനെക്കുറിച്ച് നല്ലത് പറയലുമാണെന്ന് അവിടന്നുതന്നെ പഠിപ്പിക്കുന്നുണ്ട്. ആളുകളോട് അടുത്തിടപഴകി സ്നേഹം കാണിച്ച് അനുകമ്പാപൂർവം ഇടപെടുന്നവർ നരകത്തിന് നിഷിദ്ധരാണെന്നാണ് തിരുനബിയുടെ പ്രഖ്യാപനം.
അനുചരരിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് പരാതിയുമായി പ്രവാചകരെ സമീപിച്ചു. അങ്ങയെക്കുറിച്ച് അവർ അരുതായ്മകൾ പറയുന്നു എന്നായിരുന്നു പരാതി. അതുകേട്ടപ്പോൾ നബിയുടെ പ്രതികരണമിങ്ങനെയായിരുന്നു - "ആളുകളുടെ ദോഷങ്ങളെല്ലാം എന്നോട് പറയാതിരിക്കുവിൻ. ആരോടും അശേഷം ദേഷ്യമില്ലാതെ ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു". മറ്റുള്ളവരെ വെറുക്കാനുള്ള പഴുതുകളുണ്ടാകുമ്പോഴും അതിനെ തിരസ്കരിച്ച് അവരോട് സ്നേഹത്തോടെ ജീവിക്കാനായിരുന്നു അവിടന്ന് ഇഷ്ടപ്പെട്ടത്.