മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ 'പെൺവർത്തമാനം' പരിപാടി സംഘടിപ്പിച്ചു. സ്വന്തം ജീവിതത്തെ സ്നേഹിക്കാനും സ്വന്തം ആഗ്രഹങ്ങളെ വിട്ടുവീഴ്ചയില്ലാതെ പിന്തുടരാനും സ്വയം പ്രചോദിപ്പിക്കുകയായിരുന്നു പെൺവർത്തമാനം. കെ കെ റിഷ്ന മോഡറേറ്ററായി. എഴുത്തുകാരികളായ ശ്രുതി രാജൻ, ആതിര ആർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി ജിഷ, ഡോ.അപർണ കൃഷ്ണൻ എന്നിവർ അനുഭവം പങ്കുവെച്ചു.
സ്വന്തം ജീവിതത്തോട് ആത്മാർത്ഥത പുലർത്താൻ പറ്റിയവർ എത്രപേരുണ്ട് എന്ന ചോദ്യത്തിന് മുന്നിൽ കുഴങ്ങി നിൽക്കവേ ചിലരുടെ കണ്ണുകൾ നനഞ്ഞു. തീർന്നുപോകുന്ന ജീവിതത്തെ നോക്കി നെടുവീർപ്പിടാത്ത എത്ര പെണ്ണുങ്ങളുണ്ട് എന്ന ചോദ്യത്തിന് മുന്നിൽ അവരെല്ലാവരും ചേർന്നൊരു നെടുവീർപ്പായി. സ്വന്തം സ്വപ്നങ്ങളെ തൊടാൻ സ്ത്രീകൾ എന്തിനേയെല്ലാം ബലി കഴിക്കേണ്ടി വരുമെന്നതിനെ കുറിച്ചാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. മറ്റുള്ളവർക്കായി കുഴിച്ചുമൂടിയ അഭിലാഷങ്ങളുടെ ആഴങ്ങളാണ് അവർ പങ്കുവെച്ച സങ്കടങ്ങളിൽ തെളിഞ്ഞത്. ഓരോ ദിവസത്തെ പെൺ ജീവിതത്തിനിടയിലെ ഓരോ നിമിഷത്തിലും അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളെ, അടിച്ചമർത്തലുകളെ, സമൂഹത്തിൻ്റെ പൊതുബോധങ്ങൾ അടിച്ചേൽപ്പിക്കുന്ന പൊള്ളലുകളെ അവർ അടയാളപ്പെടുത്തുകയായിരുന്നു.
പരിപാടിയിൽ കെ.സി വാസന്തി സ്വാഗതവും ടി.വി ബിന്ദു നന്ദിയും പറഞ്ഞു.