കണ്ണൂർ :- കശുവണ്ടിക്കർഷകർക്ക് ഇരുട്ടടിയായി സർക്കാർ തീരുമാനിച്ച തറവില. ഇത്തവണ കിലോയ്ക്ക് 105 രൂപയാണ് കശുവണ്ടിയുടെ തറവിലയായി വില നിർണയസമിതി തീരുമാനിച്ചത്. മുൻവർഷത്തെക്കാൾ ഒമ്പതു രൂപ കുറവ്. കിലോയ്ക്ക് 114 രൂപയായിരുന്നു 2023 സീസണിലെ തറവില. സാധാരണയായി മറ്റു വിളകൾക്കെല്ലാം തറവില വർഷം തോറും കൂടുമെങ്കിലും കശുവണ്ടിയുടെ കാര്യത്തിൽ വില പിറകോട്ടാണ്. വില കൂടാനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നതാണ് പുതിയ തറവിലയെന്ന് കർഷകർ പറയുന്നു.
ഇപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കിലോയ്ക്ക് 95 രൂപമുതൽ നൂറു രൂപവരെയാണ് വില. കോഴിക്കോട് 88 മുതൽ 90 രൂപവരെയും. തറവില നിശ്ചയിച്ചതല്ലാതെ സംഭരണത്തിനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. കഴിഞ്ഞവർഷം 114 രൂപ തറവില പ്രഖ്യാപിച്ചെങ്കിലും പേരിനെങ്കിലും സംഭരണം നടന്നത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ്. മറ്റു ജില്ലകളിലെ കർഷകർക്കൊന്നും തറവിലകൊണ്ട് നേട്ടമില്ല.
എന്നാൽ, നിശ്ചിതതുക തറവില നിശ്ചയിക്കുമ്പോൾ ഈ ജില്ലകളിൽ ഇതിന്റെ എത്രയോ താഴെയായിരിക്കും വില. ഈ വർഷത്തെ തറവില അടുത്തവർഷത്തെ വിലയെവരെ സ്വാധീനിക്കുമെന്നും ആശങ്കയുണ്ട്. ഉത്പാദനച്ചെലവിലെ വർധന പരിഗണിക്കാ തെയാണ് കശുവണ്ടിക്ക് തറവില നിശ്ചയിക്കുന്ന തെന്ന് ആക്ഷേപമുണ്ട്. വിവിധ ജില്ലകളിലെ വിപണിവില പഠിച്ച്, അതിനനുസരിച്ചാണ് വിലനിർണയസമിതി തറവില തീരുമാനിക്കുന്നത്. ഈ വർഷം തുടക്കം മുതൽ എല്ലായിടത്തും വില പൊതുവെ കുറവായിരുന്നു. ഇതോടെ തറവിലയും കുറഞ്ഞു. എന്നാൽ, മറ്റു വിളകൾക്ക് താങ്ങുവില നിശ്ചയിക്കുന്നത് ഉത്പാദനച്ചെലവ് കണക്കിലെടുത്താണ്. ഈ രീതിയിൽ ഉത്പാദനച്ചെലവിനെക്കാൾ 50 ശതമാനം തുകയെങ്കിലും കർഷകന് കിട്ടും. ഒരു കിലോ കശുവണ്ടിയുടെ ഉത്പാദനച്ചെലവു മാത്രം 80 രൂപയ്ക്കും 90 രൂപയ്ക്കും ഇടയിൽ വരുമെന്നാണ് കർഷകരുടെ അഭിപ്രായം.