ജില്ലയിൽ റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കിയത് നാലിലൊന്നുപേർ മാത്രം


കണ്ണൂർ :- ജില്ലയിൽ റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കിയത് നാലിലൊന്നുപേർ മാത്രം. ബുധനാഴ്ച വരെ ജില്ലയിൽ 224740 പേരാണ് മസ്റ്ററിങ് നടത്തിയത്. ചൊവ്വാഴ്ച വരെ 217278 പേരായിരുന്നു മസ്റ്റർ ചെയ്തത്. ബുധനാഴ്ച ഒറ്റദിവസം 7462 പേർക്ക് മാത്രമാണ് മസ്റ്ററിങ് നടത്താനായത്. ജില്ലയിൽ ആകെ 756063 ബി.പി.എൽ കാർഡ് അംഗങ്ങളും 131222 എ.വൈ. കാർഡ് അംഗങ്ങളുമടക്കം 887285 പേരാണ് മസ്റ്ററിങ് നടത്തേണ്ടത്. കാർഡിലെ അംഗങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നും സ്ഥലത്തുണ്ടെന്നും ഉറപ്പുവരുത്തി അതിനനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനായാണ് മസ്റ്ററിങ് നടത്തുന്നത്.

31-നകം പൂർത്തിയാക്കണം. സർവർ തകരാറ് കാരണം ഇ പോസ് മെഷിന്റെ പ്രവർത്തനം നിലച്ചതോടെ വിതരണവും മസ്റ്ററിങ്ങും തടസ്സപ്പെടുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെടാത്ത രീതിയിൽ മസ്റ്ററിങ് തുടരാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. സർവർ തകരാറ് പരിഹരിക്കാൻ ചൊവ്വാഴ്ച മുതൽ സമയക്രമം ഏർപ്പെടുത്തിയാണ് റേഷൻ വിതരണം നടത്തിയത്. ഏഴു ജില്ലകൾക്ക് വീതം രാവിലെയും ഉച്ചയ്ക്കുമാണ് സമയം അനുവദിച്ചത്. എന്നിട്ടും മസ്റ്ററിങ്ങിന് തടസ്സം നേരിട്ടതായാണ് വ്യാപാരികൾ പറയുന്നത്. മസ്റ്ററിങ്ങിന് കാർഡിലെ എല്ലാ അംഗങ്ങളും എത്തേണ്ടതിനാൽ പലരും ദൂരെ സ്ഥലങ്ങളിൽനിന്നും അവധിയെടുത്ത് വന്നിട്ടും മസ്റ്ററിങ് നടത്താനാവാതെ മടങ്ങേണ്ട അവസ്ഥയായിരുന്നു. രണ്ടിനാണ് ജില്ലയിലെ മസ്റ്ററിങ് തുടങ്ങിയത്. റേഷൻ വിതരണത്തിനൊപ്പം മസ്റ്ററിങ്ങും നടത്താൻ തീരുമാനിച്ചതും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കി. മസ്റ്ററിങ്ങിനായെത്തിയ പ്രായമായ സ്ത്രീകളടക്കം പല റേഷൻകടകൾക്ക് മുന്നിലും ഏറെനേരം കാത്തുനിന്നിട്ടും മടങ്ങുകയായിരുന്നു

Previous Post Next Post