കൊച്ചി :- വിമാനവാഹിനി യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് വിക്രാന്തും ഐ.എൻ.എസ് വിക്രമാദിത്യയും ഒരുമിച്ച് പ്രവർത്തന സജ്ജമായതോടെ കരുത്താർജിച്ച് നാവികസേന. രണ്ട് വിമാനവാഹിനി യുദ്ധക്കപ്പലുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള അപൂർവം രാജ്യങ്ങളുടെ കൂട്ടത്തിലായി ഇന്ത്യ. കഴിഞ്ഞയാഴ്ച നടന്ന നേവൽ കമാൻഡേഴ്സ‌് കോൺഫറൻസിൽ പ്രാധാന്യത്തോടെ വിലയിരുത്തപ്പെട്ടതും ഈ നേട്ടമായിരുന്നു.
ഐ.എൻ.എസ് വിക്രമാദിത്യയിലാണ് ഇത്തവണത്തെ കമാൻഡേഴ്‌സ് കോൺഫറൻസിന്റെ ആദ്യ സെഷൻ നടന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന കോൺഫറൻസിൽ സംയുക്ത സേനാമേധാവിയും പ്രതിരോധ സെക്രട്ടറിയും അടക്കമുള്ളവർ പങ്കെടുത്തിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം അടക്കമുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്രമേഖലയിൽ ഇന്ത്യൻ നാവികസേനയ്ക്ക് നിർണായകമായ സ്ഥാനമുണ്ടെന്നായിരുന്നു പ്രധാന വിലയിരുത്തൽ.
മിഗ്-29 കെ യുദ്ധവിമാനങ്ങൾ, എം.എച്ച് 60 റോമിയോ ഹെലികോപ്റ്ററുകൾ, കാമോവ്, സീകിങ്, ചേതക്, എ.എൽ.എച്ച് ഹെലികോപ്റ്ററുകൾ എന്നിവയെല്ലാം യുദ്ധക്കപ്പലുകളുടെ മുതൽക്കൂട്ടാണ്. ഇവയെല്ലാം പറന്നുയരാനും പറന്നിറങ്ങാനും കഴിയുന്ന ഫ്ലോട്ടിങ് സോവറിൻ എയർഫീൽഡുകളായി പ്രവർത്തിക്കുന്ന വിക്രാന്തിന്റെയും വിക്രമാദിത്യയുടെയും മികവ് കോൺഫറൻസിൽ പരിശോധിച്ച് ഉറപ്പിച്ചിരുന്നു. 2022 സെപ്റ്റംബറിൽ കമ്മിഷൻ ചെയ്ത വിക്രാന്ത് കുറഞ്ഞ സമയം കൊണ്ടാണ് പൂർണമായും യുദ്ധസജ്ജമായത്. അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന വിക്രമാദിത്യ ഇടവേളയ്ക്കുശേഷമാണ് പൂർണ കരുത്തിൽ തിരിച്ചെത്തിയത്.