തിരുവനന്തപുരം :- ഉപഭോഗം കൂടിയ തോടെ വൈദ്യുതി വാങ്ങാൻ വൻ തുക ചെലവിട്ട് കെ.എസ്.ഇ.ബി. നിലവിലെ കരാറുകളിൽ നിന്നുള്ള വൈദ്യുതിപോരാതെ വരുന്നതിനാൽ പവർ എക്സ്‌ചേഞ്ചിൽ നിന്നാണ് വാങ്ങുന്നത്. ഇതിന് അതത് ദിവസം തന്നെ പണമടയ്ക്കണം. ചൊവ്വാഴ്ച 13.4 കോടി രൂപയാണ് ഇങ്ങനെ ചെലവിട്ടത്. ശരാശരി 10 കോടിരൂപയാണ് ദിവസംതോറും വേണ്ടത്.
പണം മുൻകൂർ നൽകിയില്ലെങ്കിൽ വൈദ്യുതി കിട്ടില്ല. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 1477 കോടി രൂപ വേണം. ഉപഭോഗം ഇനിയും കൂടുകയും സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാവുകയും ചെയ്താൽ പണം നൽകാനാവാതെ വൈദ്യുതി മുടങ്ങുന്ന സ്ഥിതിവരും. ബോർഡിന് കിട്ടാനുള്ള കുടിശ്ശിക ഏകദേശം 5000 കോടി രൂപയാണ്. ഇതിൽ 3500 കോടി ജല അതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ നൽകേണ്ടതാണ്. കുടിശ്ശിക ഉടൻനൽകണമെന്ന ബോർഡിൻ്റെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് വൈകുന്നേരം കൂടുതൽ വൈദ്യുതി ആവശ്യമായി വന്നതിൻ്റെ റെക്കോഡും ഇത്തവണ മാർച്ച് 11- നാണ്. 5031 മെഗാവാട്ട്. കഴിഞ്ഞവർഷം ഏപ്രിൽ 18-ന് 5024 മെഗാവാട്ട് വേണ്ടി വന്നതാണ് ഇതിനു മുമ്പുള്ള റെക്കോഡ്.