ന്യൂഡൽഹി :- തീവണ്ടി ഓടിക്കുമ്പോൾ ലോക്കോ പൈലറ്റുമാർ ചെയ്യേണ്ടി വരുന്ന അനാവശ്യ ജോലികൾ ഒഴിവാക്കാൻ സോണുകൾക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി. വിവരങ്ങൾ ബുക്കുകളിൽ രേഖപ്പെടുത്തുന്നത് ഒഴിവാക്കി നൽകിയാൻ ലോക്കോ പൈലറ്റുമാർക്ക് സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നും ബോർഡ് വ്യക്തമാക്കുന്നു.
നിലവിൽ മെമ്മോ ബുക്ക്, എൻജിൻ ലോഗ് ബുക്ക് എന്നിവയിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ലോക്കോ പൈലറ്റുമാരാണ്. തീവണ്ടി വിവിധ സ്റ്റേഷനുകളിൽ എത്തിയ സമയവും പുറപ്പെട്ട സമയവും രേഖപ്പെടുത്തുന്നത് മെമ്മോ ബുക്കിലാണ്. ജോലിസമയമാണ് എൻജിൻ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നത്. ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ രേഖപ്പെടുത്താനായി സോണുകൾ ഒരു മാതൃക തയ്യാറാക്കണമെന്നാണ് റെയിൽവേ ബോർഡ് ആവശ്യപ്പെടുന്നത്. രണ്ടു വർഷം മുമ്പും റെയിൽവേ ബോർഡ് സമാനനിർദേശം നൽകിയിരുന്നു.