മുഴപ്പിലങ്ങാട് :- കടൽക്ഷോഭത്തെത്തുടർന്ന് അഴിച്ചുമാറ്റിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ഇന്നു മുതൽ സന്ദർശകരെ പ്രവേശിപ്പിക്കും. ദിവസങ്ങൾക്ക് മുൻപ് കള്ളക്കടൽ പ്രതിഭാസത്തിൽ ശക്തമായ തിരമാല ഉണ്ടായതിനെത്തുടർന്ന് തകരാറിലായ പാലം അഴിച്ചുവയ്ക്കുകയായിരുന്നു. കടലിന്റെ പ്രക്ഷുബ്ധാവസ്ഥ കഴിഞ്ഞാലുടൻ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. പുനഃസ്ഥാപന പ്രവൃത്തികൾ ഇന്നലെ പൂർത്തിയായി.
ബീച്ചിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി തിരമാലകൾക്ക് മുകളിലൂടെ നടന്ന് കടലിൻ്റെയും പാറക്കെട്ടുകളുടെയും ധർമടം തുരുത്തിന്റെയും സൗന്ദര്യം ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. ഉന്നത ഗുണനിലവാരമുള്ള പ്ലാസ്റ്റിക്കും റബറും ഉപയോഗിച്ച്നിർമിച്ച് പാലം തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് താഴ്ന്ന് ഉയരുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. തിരൂരിലെ തൂവൽ തീരം ഏജൻസിക്കാണ് ഡ്രൈവ് ഇൻ ബീച്ചിന്റെ ധർമടം ഭാഗത്ത് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിജിൻ്റെ നടത്തിപ്പ് ചുമതല.