പത്തുവർഷത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 28 ശതമാനം വരെ


മുംബൈ :-  പത്തുവർഷത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 28 ശതമാനം വരെ. 2014 മെയ്യിൽ ഒരു ഡോളറിന് 58.78 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴിത് 83.19 രൂപയിലെത്തി നിൽക്കുന്നു. മൂല്യത്തിൽ 27.8 ശതമാനമാണ് ഇടിവ്. ശരാശരി വർഷം മൂന്നു ശതമാനത്തിനടുത്ത് മൂല്യശോഷണം കണക്കാക്കുന്നു. ഇക്കാലത്ത് രാജ്യത്തെ വിദേശനാണ്യ കരുതൽശേഖരം 30,400 കോടി ഡോളറിൽനിന്ന് 64,500 കോടി ഡോളറായി കൂടിയിട്ടുണ്ട്. 112.2 ശതമാനമാണ് വർധന. വർഷം ശരാശരി 12 ശതമാനത്തിനടുത്താണ് വർധന. 2013- നുശേഷം വിദേശനാണ്യ കരുതൽ ശേഖരം ഉയർത്തിക്കൊണ്ടുവരാൻ ആർ.ബി.ഐ കൂടുതൽ ശ്രദ്ധനൽകിയതാണ് ഇതിനു കാരണം. 2013-ലാണ് ഡോളറിനെതിരേ രൂപയുടെ മൂല്യശോഷണം ശക്തമായത്. 54.59 രൂപയിൽനിന്ന് 60.14 രൂപയായാണ് ആ വർഷം കുറഞ്ഞത്. 

അന്നത്തെ ഇടിവിനുശേഷം രൂപ കുറെക്കാലം സ്ഥിരത പുലർത്തിയിരുന്നു. ഇറക്കുമതി കുറഞ്ഞതും വിദേശ മൂലധനം ഇന്ത്യയിലേക്കൊഴുകിയതുമാണ് ഇതിനു സഹായകമായത്. അതേസമയം, ഡോളറിനെതിരായ മൂല്യംമാത്രം വിലയിരുത്തി ഇന്ത്യൻ കറൻസിയുടെ കരുത്ത് വിലയിരുത്തുന്നതിൽ അർഥമില്ലെന്ന് ഡീലർമാർ പറയുന്നു. ഇക്കാലയളവിൽ മിക്കവാറും എല്ലാ കറൻസികൾ ക്കെതിരേയും ഡോളർ ശക്തിപ്പെട്ടെന്നതാണ് ഇതിനു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. കോവിഡിനുശേഷം വിലക്കയറ്റം നിയന്ത്രിക്കാൻ അമേരിക്കൻ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിത്തുടങ്ങിയശേഷം നിക്ഷേപം സർക്കാർ കടപ്പത്രങ്ങളിലേക്ക് ഒഴുകി. ഇതാണ് ഡോളർ ശക്തിപ്പെടാനുള്ള പ്രധാന കാരണം. അതേസമയം, മറ്റു രാജ്യങ്ങളിലെ കറൻസികളെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തിലുള്ള ഇടിവ് താരതമ്യേന കുറവാണെന്നും ഇവർ പറയുന്നു.

Previous Post Next Post