കണ്ണൂർ :- സംസ്ഥാനത്ത് സാമൂഹികമാധ്യമങ്ങളിലെ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നേരിടാൻ സൈബർ സെൽ പട്രോളിങ് ആരംഭിച്ചു. റെയ്ഞ്ച് ഡി.ഐ.ജി.യുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കളക്ടറുടെ നേതൃത്വത്തിലും പട്രോളിങ് നടത്തും. തിരഞ്ഞടുപ്പിൽ വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനും സൈബർസെൽ പട്രോളിങ്ങുണ്ടാകും. പൊതുജനങ്ങളുടെ പരാതിയിലും കേസെടുക്കും.
ജില്ലകളിൽ സൈബർ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പട്രോളിങ് നടത്തുക. സൈബർ പോലീസ് ഇൻസ്പെക്ടർ, എസ്.ഐ, മൂന്ന് ഐ.ടി സാങ്കേതിക വിദഗ്‌ധരടങ്ങുന്ന ഉദ്യോഗസ്ഥർമാർ അടങ്ങുന്ന അഞ്ചംഗ സംഘമാണ് പട്രോളിങ് നടത്തുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സൈബർ ഡിവിഷനും രൂപവത്കരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മാസം രണ്ടായിരത്തിലധികം സൈബർ തട്ടിപ്പ് പരാതികളാണ് ലഭിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകളാണ് പ്രധാനമായും സൈബർ പട്രോളിങ് സംഘം പരിശോധിക്കുന്നത്. പോസ്റ്റിനു താഴെ കമന്റിടുന്ന വരെയും നിരീക്ഷിക്കും. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടാക്കുന്ന പോസ്റ്റുകൾ, മതസ്പർദയുണ്ടാക്കുന്ന പോസ്റ്റുകൾ എന്നിവ പ്രത്യേകം നിരീക്ഷിക്കും. വ്യാജവാർത്തകൾ വ്യക്തിഹത്യ നടത്തുന്നവ, കലാപത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്റുകളും പരിശോധിക്കും.