കല്‍പ്പറ്റ :- സിദ്ധാർഥന്‍റെ മരണത്തിന്‍റെ അന്വേഷണം ഏറ്റെടുത്തത്തിന് പിന്നാലെ ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശം. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ അറിയിച്ചത്.
ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി സംസാരിച്ചു. സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താൽക്കാലിക ക്യാമ്പ്. ദില്ലിയിൽ നിന്ന് ഒരു എസ്പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഒരാഴ്ച ടീം വയനാട്ടിൽ ഉണ്ടാകുമെന്നാണ് വിവരം.
സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട കോളേജിലെ ഹോസ്റ്റൽ അടക്കം സന്ദർശിക്കും.കേസ് രെഖകളുടെ പകർപ്പ് പൊലീസ് സിബിഐ ക്ക് കൈമാറി.അന്വേഷണം ഏറ്റെടുത്ത വിവരം കൽപ്പറ്റ കോടതിയെ അടുത്ത ദിവസം അറിയിക്കും. അതിനുശേഷമാകും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാവുക. അതേസമയം, നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സിബിഐയോട് എല്ലാകാര്യങ്ങളും പറയുമെന്നും ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എല്ലാവരുടെയും പോരാട്ടത്തിന്‍റെ ഫലമാണിതെന്നും തന്‍റെ മാത്രമല്ലെന്നും ജയപ്രകാശ് പറഞ്ഞു.