വിഷു പൂജകൾക്കായി ശബരിമല നട തുറന്നു


ശബരിമല :- വിഷു പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തീർഥാടകർക്ക് ഇനി ദർശന സുകൃതത്തിന്റെ 8 നാളുകൾ. ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ മഹേഷ് നട തുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി പി.ജി മുരളിക്കു താക്കോൽ കൈമാറിയ ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു. നടതുറന്നപ്പോൾ തന്നെ ദർശനത്തിനായി തീർഥാടകരുടെ തിരക്കായിരുന്നു. 

ഇന്ന് മുതൽ ഏപ്രിൽ 18 വരെ ദിവസവും പൂജകൾ ഉണ്ട്. വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 3 മണി മുതൽ 7 മണി വരെയാണ്. ഏപ്രിൽ 13ന് രാത്രി അത്താഴ പൂജയ്ക്കു ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. 14ന് പുലർച്ചെ 3 ന് നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽ ശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട 18ന് രാത്രി 10ന് അടയ്ക്കും.

Previous Post Next Post