കണ്ണൂർ :- പുതിയ അധ്യയനം ആരംഭിക്കും മുൻപ് തന്നെ ജില്ലയിൽ സ്‌കൂൾ പാഠപുസ്‌തകം കുട്ടികൾക്ക് ലഭ്യമാകും. പുതിയ അധ്യയനത്തിനുള്ള സ്‌കൂൾ പാഠപുസ്‌തകം ഒന്നാം വോള്യം വിതരണം ജില്ലയിൽ 50 ശതമാനം പിന്നിട്ടു. സ്‌കൂൾ സൊസൈറ്റികൾ മുഖേനയാണ് പുസ്‌തക വിതരണം നടക്കുന്നത്. കണ്ണൂർ പയ്യാമ്പലം ബുക്ക് ഡിപ്പോയിൽ എത്തിയ 2,4,6,8,10 ക്ലാസുകളിലേക്കുള്ള വിവിധ വിഷയങ്ങളുടെ പുസ്‌തക വിതരണമാണ് നടക്കുന്നത്. ഈ ക്ലാസുകളിലായി ഒന്നാം വോള്യത്തിൽ 29 ലക്ഷം പുസ്‌തകങ്ങളാണ് ജില്ലയ്ക്ക് ആവശ്യം. ഇതിൽ 15 ലക്ഷം പുസ്‌തകങ്ങളുടെ വിതരണമാണ് നടന്നത്. മധ്യവേനൽ അവധി ആരംഭിക്കുന്നതിന് മുന്നേ തന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ ജില്ലയിൽ എത്തിയിരുന്നു. തരംതിരിക്കുന്നത് പൂർത്തിയായതോടെയാണ് പുസ്‌തകങ്ങളുടെ വിതരണം തുടങ്ങിയത്. കുടുംബശ്രീ നേതൃത്വത്തിൽ തരംതിരിച്ച പുസ്‌തകങ്ങൾ ജില്ലയിലുള്ള 324 സ്‌കൂൾ സൊസൈറ്റികൾക്കാണ് കൈമാറി നൽകുന്നത്. സൊസൈറ്റിയിൽ നിന്നും സ്കൂൾ അധികൃതർ പുസ്തകം ഏറ്റുവാങ്ങി കുട്ടികൾക്ക് നൽകും.
മേയ് പകുതിയോടെ ഒന്നാം വോള്യം മുഴുവൻ പുസ്‌തകങ്ങളും ജില്ലയിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2,4,6,8,10 ക്ലാസുകളിലേക്കുള്ള ഒന്നാം വോള്യത്തിൽ 12,21,444 പുസ്തകങ്ങളാണ് ജില്ലയ്ക്ക് ആവശ്യം. 1,3,5,7,9 ക്ലാസുകളിലെ ഇത്തവണ മാറിയ പാഠപുസ്തകങ്ങൾ എറണാകുളം കാക്കനാട് കേരള പ്രിന്റിങ് ആൻഡ് പബ്ലിഷേഴ്സ‌് സൊസൈറ്റിയിൽ പ്രിന്റ്റിങ് നടക്കുകയാണ്. പ്രിന്റിങ് പൂർത്തിയാകുന്നതതിനുസരിച്ച് പുസ്‌തകങ്ങൾ ഡിപ്പോയിലെത്തും. ജില്ലയിൽ 3 വോള്യങ്ങളിലായി 48 ലക്ഷം പുസ്തകങ്ങളാണ് ഇത്തവണ വേണ്ടത്.