മുംബൈ :- രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ നാലാം സ്ഥാനത്തേക്കു കയറി സ്മാർട്ട് ഫോൺ. 2023-24 സാമ്പത്തിക വർഷം 1560 കോടി ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) സ്മാർട്ട്ഫോണുകളുടെ കയറ്റുമതി നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് 42 ശതമാനം വരെയാണ് വളർച്ച. 2022 ഏപ്രിൽ മുതലാണ് ഇന്ത്യ സ്മാർട്ട്ഫോൺ കയറ്റുമതി പ്രത്യേകമായി രേഖപ്പെടുത്താൻ തുടങ്ങിയത്.
രാജ്യത്തുനിന്നുള്ള കയറ്റുമതിയിൽ മുന്നിലുള്ളത് പെട്രോളിയം ഉത്പന്നങ്ങളാണ്. ഇതിൽ വാഹനങ്ങൾക്കുള്ള പെട്രോളിനെ മറികടന്നാണ് സ്മാർട്ട്ഫോൺ നാലാം സ്ഥാനത്തേക്കു കടന്നുവന്നിരിക്കുന്നത്. ആദ്യസ്ഥാനത്ത് ഡീസലാണുള്ളത്. വാണിജ്യമന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 2870 കോടി ഡോളറിൻ്റെ ഡീസൽ 2023-24 ൽ കയറ്റിയയച്ചു. 1590 കോടി ഡോളറുമായി പോളിഷ് ചെയ്ത വജ്രം രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതുള്ള വ്യോമയാന ഇന്ധന കയറ്റുമതി 1570 കോടി ഡോളറിന്റേതാണ്. പെട്രോൾ 1340 കോടി ഡോളറുമായി ഇത്തവണ അഞ്ചാമതായി. ഇതിൽത്തന്നെ കയറ്റുമതി ഉയർന്നിട്ടുള്ളത് സ്മാർട്ട്ഫോണിൻ്റേതു മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. ബാക്കിയെല്ലാറ്റിലും കയറ്റുമതി കുറഞ്ഞു.