കണ്ണൂർ :- ഡ്രൈവർമാരുടെ അഭാവത്തിൽ കുടുങ്ങി ജില്ലയിൽ കെഎസ്ആർടിസി. ജില്ലയിൽ 3 ഡിപ്പോകളിലായി 60 ഒഴിവുകളാണുള്ളത്. കണ്ണൂർ ഡിപ്പോയിൽ 30, തലശ്ശേരി ഡിപ്പോയിൽ 16, പയ്യന്നൂർ ഡിപ്പോയിൽ 14 എന്നിങ്ങനെയാണ് ഡ്രൈവർമാരുടെ ഒഴിവുകൾ. നിലവിൽ ജീവനക്കാർ ഓവർടൈം ജോലി എടുക്കേണ്ടി വരുന്നുണ്ട്. കൃത്യമായ അവധി പോലും ലഭിക്കാത്ത അവസ്‌ഥ. ഗതാഗത - സ്‌തംഭനം പതിവാകുന്നതിനാൽ മണിക്കൂറുകളോളം വൈകി ഓടേണ്ടി വരുന്നു. ഇതിനാൽ ദീർഘ ദൂര സർവീസ് പോകാൻ ഡ്രൈവർമാർ മടിക്കുകയാണ്.
ഷെഡ്യൂളുകൾ ഒഴിവാക്കേണ്ടി വരുന്ന അവസ്ഥ പോലും ഉണ്ടാകുന്നു. ഈ മാസം കുറെ പേർ വിരമിക്കാനുണ്ട്. കണ്ണൂർ ഡിപ്പോയിൽ 85 സർവീസാണുള്ളത്, 108 ബസും. 212 ഡ്രൈവർമാർ വേണ്ടിടത്ത് 192 പേർ മാത്രം. 7 സ്വിഫ്റ്റ് സർവീസിന് 13 ബസുകളുണ്ട്. 36 ഡ്രൈവർമാരുണ്ട്, 46 പേർ വേണം. തലശ്ശേരി ഡിപ്പോയിൽ 50 സർവീസാണുള്ളത്, 54 ബസും. 99 ഡ്രൈവർമാരാണുള്ളത്. 113 പേർ വേണ്ടിടത്താണ് ഇത്. 3 സ്വിഫ്റ്റ് സർവീസിനായി 6 ബസ് ആണുള്ളത്. 18 ഡ്രൈവർമാരു ണ്ട്, 20 പേർ വേണം. പയ്യന്നൂർ ഡിപ്പോയിൽ 61 സർവീസുണ്ട്, 61 ബസും. 138 ഡ്രൈവർമാരുണ്ട്, 152 പേർ വേണ്ടിടത്താണ് ഇത്.