ശബരിമല :- പമ്പയിലെ ഹിൽടോപ്, ചക്കുപാലം എന്നിവിടങ്ങളിൽ തീർഥാടകരുടെ വാഹനങ്ങൾക്കു താൽക്കാലിക പാർക്കിങ് അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഭക്തർക്ക് അനുഗ്രഹമാകും. 5 വർഷത്തിനു ശേഷമാണു പമ്പയിൽ പാർക്കിങ് തിരിച്ചുവരുന്നത്. 2018ലെ മഹാപ്രളയത്തിൽ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിന്റെ ഒരു വശം ഇടിഞ്ഞിരുന്നു.
പലയിടത്തായി അടിഞ്ഞുകൂടിയ മണ്ണ് ശേഖരിച്ചു ചക്കുപാലം പാർക്കിങ് ഗ്രൗണ്ടിലാണ് ഇട്ടത്. ഇതുകാരണം പമ്പയിൽ പാർക്കിങ് അനുവദിക്കേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതുകാരണം 22 കിലോമീറ്റർ അകലെ നിലയ്ക്കലാണു തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. അവിടെ നിന്നു കെഎസ്ആർടിസി ബസിൽ പമ്പയിലെത്തണം. ഇതിനായി തീർഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. വിവിധ സർക്കാർ വകുപ്പുകളും പൊലീസും അനുകൂല നിലപാട് സ്വീകരിച്ചിട്ടും പമ്പയിൽ പാർക്കിങ് പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നതോടെ ദേവസ്വം ബോർഡാണു ഹൈക്കോടതിയെ സമീപിച്ചത്.