ഇടുക്കി :- കൊക്കോക്കായുടെ വില റെക്കോഡ് ഉയരത്തിൽ നിന്ന് ഒരാഴ്ചക്കിടെ പകുതിയായി താഴ്ന്നു. ഒരുകി ലോഗ്രാം ഉണങ്ങിയ കൊക്കോപ്പരിപ്പിന് മേയ് തുടക്കത്തിൽ 1,000-1,075 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ 580-600 രൂപയേ ഉള്ളൂ. കിലോഗ്രാമിന് 270 ഉണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് 180 രൂപയായും താഴ്ന്നു. അണ്ണാൻ, മരപ്പട്ടിശല്യവും കീടബാധയും മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോകൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം ഇടിയുകയും വില കയറുകയുമായിരുന്നു. അതേസമയം, ഇപ്പോഴത്തെ വിലയിടിവിന് കാരണം ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിടവ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ പ്രവർത്തനങ്ങളാണെന്ന് വ്യാപാരികൾ പറയുന്നു.
കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാർ, അടിമാലി, കുമളി എന്നീ കമ്പോളങ്ങളിലാണ് ഹൈറേഞ്ചിൽ പ്രധാനമായും കൊക്കോ ശേഖരിക്കുന്നത്. മേയ് മുതൽ സെപ്റ്റംബർ വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ കൂടുതലായി കൊക്കോ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളിൽ നിന്നും, പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടേയും പ്രൈവറ്റ് കമ്പനികളുടേയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, ബോംബെ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് അയയ്ക്കുന്നത്.