ജൂവലറി ഉടമയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയ കേസിൽ നാലംഗ സംഘം പിടിയിൽ


മട്ടന്നൂർ :- ബാങ്കിൽ പണയംവെച്ച സ്വർണം എടുക്കാനെന്ന വ്യാജേന ജൂവലറി ഉടമയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയ നാലംഗ സംഘത്തെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. വെളിയമ്പ്ര സ്വദേശി കെ.റസാഖ് (38), പഴയങ്ങാടി സ്വദേശി എസ്.മുഹമ്മദ് റാഫി (60), ഉളിയിൽ സ്വദേശികളായ പി  കെ റഫീഖ് (39), ഭാര്യ റഹിയാനത്ത് ടി.കെ (33) എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ഐശ്വര്യ ജൂവലറി ഉടമ താഴെ ചൊവ്വ കീഴ്ത്തള്ളി സ്വദേശി ദിനേശ് പി.വിയുടെ പരാതിയിലാണ് കേസെടുത്തത്.

മട്ടന്നൂർ എസ്.ബി.ഐ ശാഖയിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കാൻ എന്ന് പറഞ്ഞാണ് ജൂവലറി ഉടമയിൽ നിന്ന് പതിനാല് ലക്ഷം രൂപ വാങ്ങിയത്. സ്വർണം എടുത്ത് നൽകിയാൽ ജൂവലറിയിൽ തന്നെ വിൽക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ബാങ്കിൽ എത്തിയപ്പോൾ ജൂവലറി സ്റ്റാഫിനെ പുറത്ത് നിർത്തി റഹിയാനത്ത് മാത്രം അകത്ത് കയറുകയും മറ്റൊരു വഴിയിലൂടെ കടന്ന് കളയുകയും ആയിരുന്നു. 

സമാനരീതിയിൽ പഴയങ്ങാടിയിൽ 10 ലക്ഷം രൂപ തട്ടിയെടുത്തതായും കണ്ടെത്തി. കണ്ണൂർ, കാസർകോട് ജില്ലകളിൽ സംഘം ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതായും ചോദ്യം ചെയ്ത‌തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിന് പ്രത്യേക മൊബൈൽ ഫോണും വാട്‌സാപ്പ് നമ്പറുകളുമാണ് പ്രതികൾ ഉപയോഗിക്കുന്നത്. 

മട്ടന്നൂർ ഇൻസ്പെക്ടർ ബി.എസ് സജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയത്. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. എസ് ഐമാരായ സിദ്ധിഖ്, അനീഷ് കുമാർ, എ എസ് ഐമാരായ പ്രദീപൻ, സുനിൽ കുമാർ, സി പി ഒമാരായ സിറാജുദ്ദീൻ, ജോമോൻ, രഗനീഷ്, സവിത എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.

Previous Post Next Post