പള്ളിക്കുന്ന് :- കണ്ണൂരിൽ ബേക്കറി ജീവനക്കാരെ താമസിപ്പിച്ചിരിക്കുന്ന രണ്ട് വീടുകളുടെ പരിസരത്ത് മാലിന്യം നിക്ഷേപിച്ചതിന് സ്ഥാപന ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തി. പുഴാതി, പള്ളിക്കുന്ന് സോണുകളിലെ രണ്ട് വാടകക്കെട്ടിടങ്ങളിലായിട്ടാണ് കണ്ണൂർ എംആർഎ ബേക്കറിയിലെ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ താമസിപ്പിച്ചിരുന്നത്. രണ്ട് വീടുകളുടെയും പരിസരത്ത് ടയറുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, കവറുകൾ, പ്ലാസ്റ്റിക് ഭക്ഷണ പാർസൽ പാത്രങ്ങൾ എന്നിവയും ഭക്ഷണ അവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
ഭക്ഷണപാർസൽ പാത്രങ്ങളിലും ടയറുകളിലും വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന നിലയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ടെത്തിയത്. പരിസരം ഉടൻ തന്നെ സ്ഥാപന ഉടമയുടെ ചെലവിൽ വൃത്തിയാക്കി റിപ്പോർട്ട് ചെയ്യാനും കണ്ണൂർ കോർപ്പറേഷന് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെരീകുൽ അൻസാർ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുഷ്ക, ഹംസ, സജയൻ എന്നിവർ പങ്കെടുത്തു.