ഒരുമാസം നീണ്ട കൊട്ടിയൂർ വൈശാഖോത്സവം സമാപിച്ചു


കൊട്ടിയൂർ :- ഒരുമാസം നീണ്ട കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനം. തൃക്കലശാട്ടം പൂർത്തിയാക്കി പരാശക്തിയുടെ വാൾ മുതിരേരിക്കാവിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇനി ഒരുവർഷം അക്കരെ കൊട്ടിയൂർ പ്രകൃതിയുടെ നിശ്ശബ്ദതയിൽ ലയിക്കും. മുളന്തണ്ടുകളും ഞെട്ടിപ്പനയോലകളും കൊണ്ട് കെട്ടിയുണ്ടാക്കിയ ശ്രീകോവിൽ തിങ്കളാഴ്ച രാവിലെ പിഴുതെടുത്ത് പടിഞ്ഞാറേ നടയ്ക്ക് കുറുകെയിട്ടു. ശേഷം തൃക്കലശാട്ട് തുടങ്ങി. തന്ത്രിമാരും നമ്പൂതിരിമാരും ചേർന്ന് വേദമന്ത്രോച്ചാരണങ്ങളോടെ സ്വയംഭൂവിഗ്രഹത്തിൽ കളഭം അഭിഷേകം ചെയ്തു. അഭിഷേകം കഴിഞ്ഞ് കോഴിക്കോട് സാമൂതിരിരാജയുടെ പ്രതിനിധിക്ക് ആദ്യ പ്രസാദം നല്ലി. കലശപ്രസാദം ബ്രാഹ്മണർക്കും നാല് ഊരാളന്മാർക്കും ട്രസ്റ്റിമാർക്കും ഭക്തർക്കും നൽകി.

 തുടർന്ന് പൂർണപുഷ്പാഞ്ജലി ആരംഭിച്ചു. തിടപ്പള്ളിയിലും മുഖമണ്ഡപത്തിലും ഭണ്ഡാര അറയിലും ഇരുന്ന സുവർണ, രജത കുംഭങ്ങളെല്ലാം കൂത്തമ്പലത്തിലേക്ക് മാറ്റി. മുതിരേരിക്കാവിലെ സുരേഷ് നമ്പൂതിരി വാൾ ഭണ്ഡാരത്തറയിൽ നിന്നെടുത്ത് സ്വയംഭൂവിൽ ചേർത്തുവെച്ചു. തിരുവഞ്ചിറയിൽ കുളികഴിഞ്ഞ് മണിത്തറയിൽ നിന്ന് ഒരു പിടി തുളസിക്കതിരുകളോടെ വാളെടുത്ത് കിഴക്കേനട വഴി ക്ഷേത്രത്തെ വലംവെച്ച് പടിഞ്ഞാറെ നടവഴി അക്കരെ ക്ഷേത്രത്തിൽനിന്ന് വിടവാങ്ങി. തുടർന്ന് ഭക്തരും അക്കരെ ക്ഷേത്രത്തോട് വിടചൊല്ലി.



Previous Post Next Post